ആലപ്പുഴ: വിദ്യാഭ്യാസമന്ത്രിയെ തടയാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടി. ഇന്നലെ എസ്.ഡി.വി സ്‌കൂൾ മൈതാനത്തു നടന്ന ആലപ്പുഴ നഗരം ശുചിത്വപ്രതിജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രി എത്തുമ്പോൾ കരിങ്കൊടി വീശി പ്രതിഷേധിക്കാൻ അഞ്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രധാന കവാടത്തിന് അരികിൽ നിലയുറപ്പിച്ചു. സംശംയം തോന്നിയതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചു. മന്ത്രി എത്തില്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധക്കാർ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. ഒരു പ്രവർത്തകന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കരിങ്കോടി പുറത്തേക്ക് കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അഞ്ചു പേരേയും കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.