pppppp

ചേർത്തല : വർഷങ്ങളായി ഉപയോഗരഹിതമായ ജലസംഭരണി പൊളിച്ചു മാറ്റാത്തത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നു. കഞ്ഞിക്കുഴി - മുഹമ്മ റോഡിൽ മുഹമ്മ ആശുപത്രിക്ക് കിഴക്ക് റോഡിന് തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന അരനൂറ്റാണ്ടിലധികം പഴക്കമുള്ള ജലസംഭരണിയുടെ തൂണിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുപോയ നിലയിലാണ്. 15 വർഷം മുമ്പ് ഇവിടെ നിന്നുള്ള പമ്പിംഗ് പൂർണമായി നിറുത്തിയെങ്കിലും സംഭരണി ഇതുവരെ പൊളിച്ചു മാറ്റാൻ വാട്ടർ അതോറിട്ടി അധികൃതർ തയ്യാറായിട്ടില്ല.

ജലസംഭരണിയ്ക്കും സമീപമുള്ള മോട്ടോർ പുരയ്ക്കും ചുറ്റും മരങ്ങൾ വളർന്ന് കാടു പിടിച്ച നിലയിലാണ് . ഇതിന് തൊട്ടടുത്തായി നിരവധി കടമുറികളും പ്രവർത്തിക്കുന്നുണ്ട്. സമീപത്തായി വീടുമുണ്ട്. ജലസംഭരണി അപകടാവസ്ഥയിലായതോടെ പ്രദേശവാസികൾ പേടിച്ചാണ്ഇതിന് സമീപത്തു കൂടെ പോകുന്നത്. വെള്ളത്തിന്റെ ലഭ്യതക്കുറവും അമിതമായ ഉപ്പുരസവുമാണ് ഇവിടെ നിന്നുള്ള പമ്പിംഗ് നിറുത്താൻ കാരണം. വാട്ടർ അതോറിട്ടി ഉപേക്ഷിച്ച ജലസംഭരണി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികളും വിവിധ സംഘടനകളും നിരവധി പരാതികൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.

ടാങ്കും കെട്ടിടവും നാല് സെന്റിൽ

പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടതിനെ തുടർന്ന് അരനൂറ്റാണ്ടു മുമ്പ് മുഹമ്മ 1670ാം നമ്പർ സഹകരണ ബാങ്ക് വിട്ടുനൽകിയ 4 സെന്റ് സ്ഥലത്താണ് വാട്ടർ അതോറിട്ടി കുടിവെള്ള സംഭരണിയും മോട്ടോർ പുരയും സ്ഥാപിച്ചത്.മുഹമ്മ പഞ്ചായത്തിന്റെ തെക്കൻ ഭാഗത്തും കായലോര പ്രദേശത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചിരുന്നത് ഈ സംഭരണിയിൽ നിന്നാണ്. പ്രവർത്തനം നിലച്ചതോടെ മോട്ടോറും അനുബന്ധ ഉപകരണങ്ങളും ജല അതോറിട്ടി അധികൃതർ കൊണ്ടുപോയി. ഓഫീസ് ഉപകരണങ്ങൾ സാമൂഹ്യ വിരുദ്ധരും കൈക്കലാക്കി.

15 വർഷമായി ഈ ടാങ്കിലേക്ക് പമ്പിംഗ് നടനന്നിട്ടില്ല

 50000 ലിറ്ററാണ് ടാങ്കിന്റെ സംഭരണശേഷി

'' പ്രദേശവാസികളുടെ ജീവനു ഭീഷണിയായ ജലസംഭരണി അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടിക്ക് പരാതി നൽകും

സി.പി.ഷാജി,രക്ഷാധികാരി ,

അരങ്ങ് സോഷ്യൽ സർവീസ് ഫോറം.