helmet

ആലപ്പുഴ: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ജില്ലയിൽ വ്യാജ ഹെൽമെറ്റുകളുടെ വഴിയോരക്കച്ചടം തകൃതി. തിരക്കുള്ള റോഡുകളിലെല്ലാം ഹെൽമെറ്റ് കച്ചവടക്കാർ ഇടംപിടിച്ചു കഴിഞ്ഞു. 'ഒറിജിനൽ' ഐ.എസ്.ഐ മാർക്കും ഗുണനിലവാരവുമുള്ള ഹെൽമെറ്റുകൾക്ക് 1000 രൂപയോളം ആകുമെന്നിരിക്കെയാണ് 500 രൂപയിൽ താഴെ മാത്രമുള്ള ഹെൽമെറ്റുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.

ഡിസംബർ ഒന്നുമുതൽ പിൻസീറ്റുകാർക്കും ഹെൽമെറ്റ് നിർബന്ധമാകുമെങ്കിലും വ്യാജ വില്പനയ്ക്ക് ഇതുവരെ പിടി വീണിട്ടില്ല. ഐ.എസ്.ഐ മുദ്ര യുള്ള ഹെൽമെറ്റുകൾ മാത്രമേ വിൽക്കാവൂ എന്നാണ് നിബന്ധന. എന്നാൽ വിലക്കൂടുതലുള്ള ഒറിജിനൽ ഹെൽമെറ്റുകൾ വഴിയോരക്കച്ചവടക്കാരിൽ നിന്ന് ചെലവാകില്ല. ഇവ വിലപേശി വിൽക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ വ്യാജ ഐ.എസ്.ഐ സ്റ്റിക്കർ പതിക്കുക മാത്രമാണ് പോംവഴി. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുത് എന്നതിലുപരി ഈ വ്യാജൻമാർ യാതൊരു സുരക്ഷയും നൽകില്ലെന്ന് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വ്യക്തതയുണ്ടെങ്കിലും വില്പന തകൃതിയായി മുന്നേറുന്നു.

അംഗീകൃത ഡീലർമാരിൽ നിന്നുമാത്രം ഹെൽമെറ്റ് വാങ്ങുന്നതാണ് സുരക്ഷിതം. 3 വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങണമെന്നാണ് സുരക്ഷാനിർദ്ദേശം. ഒരിക്കൽ ക്ഷതമേറ്റ ഹെൽമെറ്റ് പിന്നീട് ഉപയോഗിക്കരുത്. ഉള്ളിലുണ്ടായ ആഘാതം പിന്നീട് സുരക്ഷ നൽകിയേക്കില്ല.

.........................................

# വിലയല്ല, വേണ്ടത് ഗുണം

 ഇന്ത്യയിൽ 150 ലേറെ അംഗീകൃത ഹെൽമെറ്റ് കമ്പനികൾ

 വില കുറഞ്ഞവയല്ല, ഗുണനിലവാരം പ്രധാനം

 ഫിറ്റിംഗും സ്ട്രാപ്പും ശരിയല്ലാത്തവയും അപകടകരം

 തല മുഴുവനായി മൂടുന്ന ഫുൾ ഫെയ്‌സ് ഹെൽമെറ്റ് കൂടുതൽ സുരക്ഷിതം

 സ്ട്രാപ് ശരിയായി ഫിറ്റ് ചെയ്യാതെ ഹെൽമെറ്റ് ധരിക്കരുത്

.............................

# ഹെൽമെറ്റ് സുരക്ഷ

ചെറിയ വീഴ്ച്ചകളിൽ നിന്നും ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഉതകുന്ന രീതിയിലാണ് മനുഷ്യ ശരീര നിർമ്മിതി. കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്ര വാഹനത്തിൽ നിന്ന് തലയടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതാണ്. 55 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയെന്നാൽ ഒരു സെക്കൻഡിൽ 49 അടിയാണ് സഞ്ചരിക്കുന്നത്. 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും.

......................................

# ഭാരമല്ല കാതൽ

ഭാരം കൂടുതലുള്ള ഹെൽമെറ്റാണ് കൂടുതൽ സുരക്ഷിതം എന്നതു തെറ്റാണ്. 1200 മുതൽ 1350 ഗ്രാം വരെ ഭാരം വരുന്ന ഹെൽമെറ്റുകളാണ് നല്ലത്. എത്ര ഭാരമുണ്ടെന്നതു ഹെൽമറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. കൂടുതൽ ഭാരമുള്ള ഹെൽമറ്റുകൾ കഴുത്തിലെ മസിലുകളിൽ വേദനയുണ്ടാക്കാനിടയുണ്ട്.

...............................

'ഡിസംബർ ആദ്യവാരം മുതൽ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്ര് നിർബന്ധമാണ്. ബൈക്ക് അപകടങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്കും അപകട സാദ്ധ്യത ഏറെയുണ്ട്. അതുകൊണ്ടാണ് പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയത്'

(മോട്ടോർ വാഹന വകുപ്പ് അധികൃതർ)