ആലപ്പുഴ : ഈ മാസം നിലവിൽ വന്ന കെട്ടിട നിർമാണ നിയമം പൊതുജനങ്ങൾക്കും ലൈസൻസികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതും അശാസ്ത്രീയവുമാണെന്ന് ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി ഷൈൻ ജോസഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യാതൊരു വിധ ചർച്ചയുമില്ലാതെയാണ് നിയമം നടപ്പാക്കിയത്. നിയമം പൂർണമായും പിൻവലിക്കുകയോ ആവശ്യമായ ഭേദഗതികൾ വരുത്തകയോ ചെയ്യണം. ഇന്നും നാളെയുമായി മാവേലിക്കര ട്രാൻവൻകൂർ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ സമ്മേളനം പുതിയ നിയമം സംബന്ധിച്ച് ചർച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്കു രണ്ടിന് മാവേലിക്കരയിൽ നടക്കുന്ന സെമിനാർ യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് വിളംബര റാലിയും നാളെ രാവിലെ 9ന് മാവേലിക്കര നഗരസഭ ഓഫീസിന് സമീപത്തുനിന്ന് പ്രകടനവും നടക്കും. തുടർന്ന് പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ വിശിഷ്ടാതിഥിയാകും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.എസ്.ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ വർഗീസ് എന്നിവരും പങ്കെടുത്തു.