കായംകുളം : കൂട്ടുംവാതുക്കൽ കടവ് പാലം വേണ്ടതില്ല എന്ന നിലപാട് മന്ത്രിയോ എംഎൽഎയോ പാർട്ടിയോ ഒരിക്കലും എടുത്തിട്ടില്ലെന്നും ഈ വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും സി.പി.എം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ പറഞ്ഞു.

2016ലാണ് എൽ.ഡി.എഫ് സർക്കാർ പാലത്തിനായി 50 കോടി രൂപ അനുവദിച്ചത്. തുടർന്ന് പാലത്തിന് സാദ്ധ്യത ഇല്ല എന്നു കാണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കാലതാമസം നേരിട്ടത്. എന്നാൽ കൂട്ടുംവാതുക്കൽ പാലം നിർമ്മിക്കും എന്ന എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നിറവേറ്റാൻ എം.എൽ.എയും പാർട്ടിയും നിരന്തരം പരിശ്രമിച്ചതിന്റെ ഫലമായാണ് മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത് പാലം നിർമ്മിക്കാൻ അനുമതി നൽകിയത്. എംഎൽഎ മുൻകൈ എടുക്കാത്ത ഒരു പദ്ധതിയും കായംകുളത്ത് സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും കായംകുളത്ത് വികസന പദ്ധതികൾ കൊണ്ടു വരുന്നതിൽ മന്ത്രി ജി.സുധാകരൻ വലിയ സഹായമാണ് ചെയ്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.