
മൂന്ന് പേർക്ക് പരിക്കേറ്റു അപകടമുണ്ടാക്കിയത് ശബരിമല തീർത്ഥാടനത്തിനു ശേഷം മടങ്ങിയവർ സഞ്ചരിച്ച കാർ
കായംകുളം : മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ മകൾക്ക് ഉച്ചഭക്ഷണവുമായി വന്ന പിതാവ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ കാർ ഇടിച്ച് മരിച്ചു. കടയ്ക്ക് മുന്നിൽ നിന്ന മൂന്നു പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്.
കായംകുളം ഐക്യ ജംഗ്ഷൻ കളത്തൂർ തറയിൽ അബ്ദുൾ ലത്തീഫ് (കൊട്ട, 60 ) ആണ് മകളുടെ കൺമുന്നിൽ മരിച്ചത്. വെള്ളാലയ്യത്ത് സൽമാൻ (20), കൊച്ചിയുടെ ജെട്ടി തിരുവന പുതുവേലിൽ ഉഷ ( (38), കീരിക്കാട് തെക്ക് തണ്ടത്ത് വിജയപ്രസാദ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ലത്തീഫിന്റെ മകൾ ഹസീന ജോലി ചെയ്യുന്ന ഐക്യ ജംഗ്ഷനിലെ ബിസ്മി മെഡിക്കൽസിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. പുല്ലുകുളങ്ങര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ലത്തീഫിന്റെ ഭാര്യ : കുഞ്ഞുമോൾ. മറ്റ് മക്കൾ: ലസീജ, ഹുസൈൻ (പൊടിമോൻ). മരുമക്കൾ: ത്വൽഹത്ത് (ഗ്ലോബൽ എഡ്യൂമാർട്ട് ,കായംകുളം) , ഷാമോൻ (സൗദി).