ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ.ആയുർവേദ ആശുപത്രിയിലെ മരുന്ന് തിരിമറിയുമായി ബന്ധപ്പെട്ട ഡി.എം.ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കായംകുളം ഡിവൈ.എസ്.പിക്ക് കൈമാറണമെന്ന് ആവശ്യപ്പെടാൻ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളാണ് ആവശ്യം ഉന്നയിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് അന്വേഷണം നേരിടണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
കാർത്തികപ്പള്ളി ഗവ. ആയുർവേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി കുമാരപുരം മാമൂട്ടിൽ ശ്രീകുമാറിന്റെ ഭാര്യ അരുണ (32) ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് നടത്തിയ സ്റ്റോക്ക് പരിശോധനയിൽ 93,000 രൂപയുടെ മരുന്നിന്റെ കുറവ് കണ്ടെത്തിയിരുന്നു. മൂന്ന് ലക്ഷത്തിന്റെ മരുന്നാണ് ആശുപത്രിയിലെ രേഖകൾ പ്രകാരം കാണേണ്ടിയിരുന്നത്. അരുണയുടെ ആത്മഹത്യയെ തുടർന്നാണ് ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തിയത്.