palam

 നഗരത്തിലെ വെള്ളാപ്പള്ളി പാലം അപകടാവസ്ഥയിൽ

ആലപ്പുഴ : നഗരസഭ ജലവി​ഭവ വകുപ്പി​ന് കൈമാറി​യ സീ വ്യു വാർഡി​ലെ വെള്ളാപ്പള്ളി​ പാളം അറ്റകുറ്റപ്പണി​ നടത്താതെ അപകടാവസ്ഥയി​ൽ. പാലം തി​രി​കെ തങ്ങൾക്ക് കൈമാറി​യാൽ മാത്രമേ അറ്റകുറ്റപ്പണി​ നടത്താൻ കഴി​യൂവെന്നാണ് നഗരസഭ അധി​കൃതർ പറയുന്നത്.

യഥാാസമയം അറ്റകുറ്റപ്പണി​ നടത്താതി​രുന്നതാണ് 2002 ൽ നിർമ്മിച്ച പാലം അപകടാവസ്ഥയിലാകാൻ കാരണം. സ്കൂൾ വിദ്യാർത്ഥികളും വൃദ്ധരും അടക്കം നിരവധി പേർ കടന്നുപോകുന്ന പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. തൂണുകൾക്കും കോൺക്രീറ്റ് ബീമുകൾക്കും വിള്ളലുണ്ട്. പാലത്തിന്റെ അടിവശങ്ങളിൽ കോൺക്രീറ്റു പാളികൾ അടർന്നുമാറി കമ്പികൾ തെളിഞ്ഞ നിലയിലാണ്. ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ അധികനാൾ ഇതുവഴിയുള്ള സഞ്ചാരം നീളില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമാണെങ്കിലും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലെന്നാണ് ആരോപണം. പാലം ബന്ധിപ്പിച്ചിരിക്കുന്ന കനാലിന് ആഴം കൂടതലാണെന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

സ്വയരക്ഷയൊരുക്കി നാട്ടുകാർ
പാലത്തിന്റെ സ്ഥിതി നാൾക്കുനാൾ ദയനീയമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാതെ വന്നതോടെ സ്വയരക്ഷയ്ക്കായുള്ള മാർഗങ്ങളുമായി നാട്ടുകാരും രംഗത്തെത്തി. കൈവരികൾ തകർന്ന സ്ഥലത്ത് നീളമുള്ള കമ്പുകൾ കെട്ടിയാണ് നാട്ടുകാർ സംരക്ഷണമൊരുക്കിയത്. ഇനിയും അധികൃതരുടെ ശ്രദ്ധ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം പാലത്തിൽ റീത്തു വച്ച് പ്രതിഷേധിച്ചിരുന്നു.

ജനങ്ങളുടെ സുരക്ഷയാണ് നഗരസഭയ്ക്ക് മുഖ്യം. 2002ൽ പ്രദേശവാസികൾക്ക് വേണ്ടി നഗരസഭ പണിതതാണ് വെള്ളാപ്പള്ളി പാലം.ഇത് പിന്നീട് ഇറിഗേഷൻ വകുപ്പിന് കൈമാറി. ഇനി ഇൗ പാലം പുനർനിർമ്മിക്കാൻ നഗരസഭയ്ക്ക് അധികാരമില്ല. ഇറിഗേഷൻ വകുപ്പ് അപേക്ഷ തന്നെങ്കിലേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.

ഇല്ലിക്കൽ കുഞ്ഞുമോൻ,

നഗരസഭ ചെയർമാൻ