ആലപ്പുഴ : സാമ്പത്തിക ക്രമക്കേടും പണാപഹരണവും വ്യാജരേഖ ചമയ്ക്കലും നടത്തിയെന്ന പരാതിയിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഭാരവാഹികൾ, ജീവനക്കാർ, വിവിധ ദേശസാത്കൃത ബാങ്ക് മാനേജർമാർ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായതായി യോഗം ഡയറക്ടർബോർഡംഗം ദയകുമാർ ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ, യൂണിയൻ ഓഫീസിലെ ജീവനക്കാരായ എം.മധു, ശിവൻ എന്നിവരെയും മാവേലിക്കര ധനക്ഷ്മി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കായംകുളം എസ്.ബി.ഐ എന്നീവയുടെ മാനേജർമാരെയും പ്രതികളാക്കി മാവേലിക്കര പൊലീസ് കഴിഞ്ഞ ജൂലായ് 16ന് കേസെടുത്തിരുന്നു. ഉദയകുമാർ ചെന്നിത്തലയുടെ നേതൃത്വത്തിൽ വിവിധ ശാഖാഭാരവാഹികൾ നൽകിയ പരാതിയെ തുടർന്നാണിത്. കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖയുണ്ടാക്കൽ, സ്വകാര്യ ആവശ്യത്തിനായി സംഘടനയെ ഉപയോഗപ്പെടുത്തൽ, കുറ്റം ചെയ്യുന്നതിനായി സംഘടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. 12.5 കോടിയുടെ ക്രമക്കേട് നടന്നതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന പരാതിക്കാരുടെ ആവശ്യത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റയുടെ ഉത്തരവ്.
യോഗത്തിന്റെ നിയമാവലി പാലിക്കാതെ യൂണിയൻ ഭാരവാഹികൾ സ്കൂൾ വാഹനങ്ങൾ വില്പന നടത്തിയതും ബാങ്ക് വായ്പ എടുത്തതും യൂണിയന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ദയകുമാർ ചെന്നിത്തല ആരോപിച്ചു. നോട്ട് നിരോധന സമയത്ത് പ്രസിഡന്റ് യൂണിയന്റെ അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപ മാറിയത് ക്രമവിരുദ്ധമായിട്ടാണ്. വാർത്താസമ്മേളനത്തിൽ യൂണിയൻ മുൻ സെക്രട്ടറി ബി.സത്യപാൽ, ആഞ്ഞിലിപ്ര ശാഖ മുൻ പ്രസിഡന്റ് ഗോപകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.ഹരിദാസ് (രാജൻ ഡ്രീംസ്) എന്നിവരും പങ്കെടുത്തു.
പരാതിയിലെ
ആരോപണങ്ങൾ
പ്രീമാര്യേജ് കൗൺസിലിംഗിനുള്ള മുൻകൂർ നിക്ഷേപ തുകയായ 33 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു
2016ലെ യൂണിയൻ ബഡ്ജറ്റ് നീക്കിയിരുപ്പായ 7.31 ലക്ഷം 2017ലെ ബഡ്ജറ്റിൽ കാണിക്കാതെ 6.65 ലക്ഷം അപഹരിച്ചു
യൂണിയന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ സ്ഥലവും കെട്ടിടവും കൃത്രിമ രേഖയുണ്ടാക്കി 1.30 കോടി രൂപയ്ക്ക് ധനലക്ഷ്മി ബാങ്കിൽ പണയപ്പെടുത്തി
മൈക്രോഫിനാൻസിൽ 83 ലക്ഷം രൂപ നഷ്ടപ്പെടുത്തി
ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ നവീകരണങ്ങൾ നടത്തി 25 ലക്ഷം നഷ്ടപ്പെടുത്തി
മൈക്രോഫിനാൻസ് സംഘങ്ങളിൽ നിന്ന് 2000 രൂപ വീതം വാങ്ങിയെടുത്ത 28 കോടിയിൽ 5 കോടി യൂണിയൻ അക്കൗണ്ടിൽ കാണിക്കാതെ തട്ടിയെടുത്തു