എരമല്ലൂർ ബസ് സ്റ്റോപ്പിലെ ആട്ടോക്കാർക്ക് സ്റ്റാൻഡില്ല
എരമല്ലൂർ: എരമല്ലൂർ ബസ് സ്റ്റോപ്പിനു സമീപം അര നൂറ്റാണ്ടോളം പഴക്കമുണ്ടായിരുന്ന ആട്ടോ സ്റ്റാൻഡ്, വ്യാപാരികളുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി ഇടപെട്ട് ഒഴിപ്പിച്ചതോടെ നൂറോളം ആട്ടോറിക്ഷകൾ സ്റ്റാൻഡില്ലാതെ അലയുന്നു. പകരം സംവിധാനമൊരുക്കാൻ പഞ്ചായത്തോ മോട്ടോർ വാഹന വകുപ്പോ നടപടി സ്വീകരിക്കുന്നുമില്ല. ഇതോടെ ദേശീയപാതയോരത്ത് അനധികൃത പാർക്കിംഗിന് നിർബന്ധിതരായിരിക്കുകയാണ് ആട്ടോ ഡ്രൈവർമാർ.
ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധ സൂചകമായി ആട്ടോ ഡ്രൈവർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയപാതയിൽ മീഡിയന് പടിഞ്ഞാറുവശം ചേർന്ന് ഉണ്ടായിരുന്ന സ്റ്റാൻഡ് കിഴക്ക് ഭാഗത്തേക്കു മാറ്റേണ്ടിവന്നു. അടുത്തിടെ ഇന്റർ ലോക്ക് കട്ടകൾ ഉപയോഗിച്ച് നിർമ്മിച്ച നടപ്പാതയിലാണ് ആട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. ഇവിടത്തെ പാർക്കിംഗ് തീരെ സുരക്ഷിതമല്ല. ദേശീയപാതയിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ ആട്ടോറിക്ഷക്കാർക്കും, പാർക്കിംഗിന്റെ വലതു ഭാഗത്തുകൂടി നടക്കേണ്ടി വരുന്ന യാത്രക്കാർക്കും ഒരേപോലെ ഭീഷണിയാണ്.
...................................
ഡ്രൈവർമാർ പറയുന്ന പരിഹാരം
എരമല്ലൂർ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സ്ഥലം ഒരുക്കി ആട്ടോ സ്റ്റാൻഡ് തയ്യാറാക്കണം. നിശ്ചിത തുക വാടക ഈടാക്കിയാൽ പഞ്ചായത്തിന് വരുമാന മാർഗവുമാകും.
............................
'ആട്ടോ സ്റ്റാൻഡ് അടിയന്തിരമായി തയ്യാറാക്കിയില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാവും. ഇപ്പോഴത്തെ പാർക്കിംഗ് ദേശീയപാതയോട് ചേർന്നായതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാം'
(ആട്ടോ ഡ്രൈവർമാർ)