ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പുമായി ബന്ധപ്പെട്ട കടലേലം നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടത്താൻ ഏകദേശ ധാരണയായതായി മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.
കഴിഞ്ഞ ചിറപ്പ് കാലത്ത് നഗരസഭയും പൊതുമരാമത്ത് വകുപ്പും രണ്ടായിട്ടാണ് ലേലം നടത്തിയത്. ഇത്തവണയും അതിനുള്ള നീക്കം ആരംഭിച്ചെങ്കിലും മന്ത്രി ജി.സുധാകരനുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ മുമ്പു നടന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുമായി ഇന്നലെ ചെയർമാൻ സംസാരിക്കുകയും ഒരുമിച്ച് നീങ്ങുന്നതിന് നടപടി സ്വീകരിക്കാൻ എക്സിക്യുട്ടീവ് എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകുകയുമായിരുന്നു. കഴിഞ്ഞ വർഷത്തെ ചിറപ്പ് ലേലവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ നിലവിലെ മാറിയ സാഹചര്യം ചൂണ്ടിക്കാട്ടി ഉത്തരവ് വാങ്ങണം. സംയുക്ത ലേല നടപടികൾ സംബന്ധിച്ച് ഉടൻ തന്നെ കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ചെയർമാൻ പറഞ്ഞു.