മാവേലിക്കര : ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ നടത്തുന്ന മഹാഭാരതം തത്വസമീക്ഷാ രാജ്യാന്തര സാംസ്കാരികോത്സവം ഡിസംബർ 1 മുതൽ ജനുവരി 10 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആയേടം കേശവൻ നമ്പൂതിരിയാണ് യജ്‍ഞാചാര്യൻ. മഹാഭാരതം തത്വസമീക്ഷയുടെ ഭാഗമായി 41 വർഷത്തിനു ശേഷം ക്ഷേത്രത്തിൽ കോടിയർച്ചന നടക്കും. പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
കോടിയർച്ചനയുടെ ഭദ്രദീപ പ്രകാശനം 1ന് രാവിലെ 5ന് നടക്കും. 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്നു കോടിയർച്ചന. വൈകിട്ടു 4ന് നൈമിഷാരണ്യത്തിൽ നിന്ന് കൊണ്ടുവരുന്ന ഗ്രന്ഥം, ശ്രീരംഗത്തിൽ നിന്നെത്തിക്കുന്ന വിഗ്രഹം, കന്യാകുമാരിയിൽ നിന്നുള്ള ദീപം, ഗോകർണത്തു നിന്ന് കൊണ്ടുവരുന്ന കൊടിക്കൂറ ഘോഷയാത്രകൾ തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിൽ സംഗമിച്ചു മഹാഘോഷയാത്രയായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തും. തുടർന്നു 6.30ന് ദീപാരാധനക്ക് ശേഷം മഹാഭാരതം തത്വസമീക്ഷാ ഉദ്ഘാടനം ന.
മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷനാവും. സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.ഡി.സതീശൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. കൺവൻഷൻ സെക്രട്ടറി ആർ.രാജേഷ് കുമാർ സ്വാഗതം പറയും. കോടിയർച്ചനയുടെ ഭാഗമായി 1 ലക്ഷം വൃക്ഷങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്കും സമ്മേളനത്തിൽ തുടക്കമാകും.
മഹാഭാരതം തത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി 41 ദിവസവും മഹാഭാരത പാരായണം, പ്രഭാഷണം, സാംസ്കാരിക സമ്മേളനം, വിജ്ഞാന സദസ്, കലാസന്ധ്യ, എക്സിബിഷൻ, പുസ്തകമേള തുടങ്ങിയവ നടക്കും. ദിവസവും വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും.
10ന് സമാപന സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാമി പരമാത്മാനന്ദ സരസ്വതി, തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.കെ.രാജീവ്, ജനറൽ കൺവീനർ ആർ.രാജേഷ് കുമാർ, റെജികുമാർ, ഗോപൻ ഗോകുലം എന്നിവർ പങ്കെടുത്തു.