a

മാവേലിക്കര: കായംകുളം കണ്ടല്ലൂർ തെക്ക് കാടാശേരിൽ പാപ്ലാന്തറ ഭദ്രകാളി ക്ഷേത്രത്തിലേക്കുള്ള ഭദ്രകാളി തിരുമുടിയുടെ നിർമ്മാണം ശില്പി സുനിൽ തഴക്കരയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ പൂർത്തിയായി.

ക്ഷേത്രംതന്ത്രി വൃക്ഷ പൂജ ചെയ്ത ശേഷം, നിലത്തുമുട്ടിക്കാതെ മുറിച്ചെടുത്ത വരിക്കപ്ലാവിന്റെ തടിയിലാണ് നാലുമാസം കൊണ്ട് ശിൽപം ഒരുക്കിയത്. മറ്റു ക്ഷേത്രങ്ങളിലെ മുടിയിൽ നിന്നു വ്യത്യസ്തമായി തൃക്കണ്ണും ചന്ദ്രക്കലയും നൽകിയിട്ടുണ്ട്. കാതുകളിൽ തോടയായി മദഗജവും സിംഹവും പ്രഭയോടു കൂടിയ കിരീടവും പവിത്രക്കെട്ടോടു കൂടിയ സർപ്പങ്ങളും ഫണം വിടർത്തി അതിരൗദ്രത്തോടെയുള്ള സർപ്പ നിരകളും സൂഷ്മമായി ചെയ്തിട്ടുണ്ട്. ദാരുക നിഗ്രഹത്തിനായി കോപംകൊണ്ടു ജ്വലിച്ചു നിൽക്കുന്ന കണ്ണുകളോടു കൂടിയ ഭദ്രകാളി മുഖം ശ്രദ്ധേയമാണ്.

കൊട്ടാരക്കര കലയപുരം മാർ ഇവാനിയോസ് സീനിയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ കൂടിയായ സുനിൽ തഴക്കരയാണ് പുതിയ തിരുമുടിക്ക് നിറച്ചാർത്തു നൽകുന്നതും. അച്ഛനും റിട്ട.ചിത്രകലാ അദ്ധ്യാപകനുമായ ആർട്ടിസ്റ്റ് കുമാറും ഭാര്യയും മാവേലിക്കര സെന്റ് മേരീസ് കത്തീഡ്രൽ സ്കൂളിലെ ചിത്രകലാ അദ്ധ്യാപിക സുമികലയും അടങ്ങുന്ന കലാ കുടുംബം പിന്തുണയുമായുണ്ട്. ഭദ്രകാളി തിരുമുടി ഡിസംബർ 12ന് രാവിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങും. തഴക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്നു ഘോഷയാത്രയായി വൈകിട്ട് 7ന് പാപ്ലാന്തറ ഭദ്രകാളീക്ഷേത്രത്തിൽ എത്തിക്കും.