photo

 ശുഭകേശന് ഒരു ലക്ഷവും സ്വർണ്ണപ്പതക്കവും അവാർഡ്

ചേർത്തല: സംസ്ഥാന കൃഷി വകുപ്പിന്റെ ഹരിതമിത്രം അവാർഡിന് അർഹനായ കഞ്ഞിക്കുഴി പയറിന്റെ 'ബ്രാൻഡ് അംബാസഡർ' ശുഭകേശൻ നാടിന്റെ അഭിമാനമായി. ഒരു ലക്ഷം രൂപയും സ്വർണപ്പതക്കവുമാണ് പുരസ്കാരം.

കേരളത്തിലെ ജനകീയ പച്ചക്കറി കൃഷിയുടെ ഉപജ്ഞാതാവ്, കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പി.പി.സ്വാതന്ത്ര്യം കൃഷിയിടത്തിലേക്കെത്തിച്ച ശുഭകേശൻ, ഓരോ സീസണിലും വേറിട്ട ശൈലിയിലാണ് കൃഷി ചെയ്യുന്നത്. പ്രധാനമായും വിത്തിനു വേണ്ടിയാണ് ശുഭകേശന്റെ കൃഷി എന്നതാണ് മറ്റൊരു പ്രത്യേകത. കഞ്ഞിക്കുഴിയിലെ പരമ്പരാഗത കർഷകനായ കുട്ടൻചാലിൽ പരേതനായ പൊന്നപ്പന്റെ മകനായ ശുഭകേശൻ പത്താം വയസ് മുതൽ കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. കഞ്ഞിക്കുഴിയിലെ മുൻ കൃഷി ഓഫീസർ ടി.എസ്.വിശ്വനും ശുഭകേശനെ മുഴുവൻ സമയ കർഷകനാക്കുന്നതിന് പിന്നിലെ പ്രേരക ശക്തിയായി.

20 ഏക്കറിലാണ് ഇപ്പോഴത്തെ കൃഷി. ഇതിൽ അര ഏക്കർ മാത്രമാണ് സ്വന്തമായിട്ടുളളത്. ബാക്കി പാട്ടം. നൂറുശതമാനം ജൈവ കൃഷിയിൽ പച്ചക്കറി മുതൽ പൂവ് വരെ ഉണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷമായി സംസ്ഥാന സർക്കാരിന്റെ ഹരിത ശ്രീ അവാർഡിനായി അപേക്ഷിക്കുന്നുണ്ടെങ്കിലും അവസാന റൗണ്ടുവരെയെത്തി കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് പുറത്താകും.

തുറസായ സ്ഥലത്താണ് ശുഭകേശന്റെ കൃഷിയിടം.സംരക്ഷണത്തിനായി ഒരു വേലി പോലും ഇല്ല. നാട്ടുകാരുടെ സംരക്ഷണയിലാണ് കൃഷി. പച്ചക്കറിക്ക് രോഗം വന്നാൽ ജൈവ കീടനിയന്ത്റണ മാർഗങ്ങളാണ് അവലംബിക്കുന്നത്. അടുത്തിടെ മുഞ്ഞ രോഗം ബാധിച്ച് മൂവായിരം ചുവട് പയറാണ് നശിച്ചത്. രോഗം വന്നവ പറിച്ചു കളഞ്ഞ് അയ്യായിരം ചുവട് വേറെ നട്ടു. രണ്ടു തവണ ജില്ലയിലെ മികച്ച കർഷകനുള്ള അക്ഷയ ശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ സ്വർണ്ണമെഡൽ, ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ പുരസ്‌കാരം, പി.പി.സ്വാതന്ത്റ്യം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അമ്മ രത്‌നമ്മയും ഭാര്യ ലതികയും സഹായത്തിനുണ്ട്.മകൾ. ശ്രുതി ലയ .