വള്ളികുന്നം : മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷിയിൽ വിജയം കുറിച്ച വീട്ടമ്മയ്ക്ക് സംസ്ഥാന അംഗീകാരം. വളളികുന്നം കാരാഴ്മ പാവൂരേത്ത് കിഴക്കതിൽ വീട്ടിൽ എസ്. സുധാകുമാരിക്കാണ് (59) മട്ടുപ്പാവിലെ കൃഷിയ്ക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചത്. പാരമ്പര്യ കർഷക കുടുംബത്തിലെ അംഗമായ സുധാകുമാരി വെറ്ററിനറി ജോലിയിൽ നിന്നു വിരമിച്ച ശേഷമാണ് കൃഷിയിൽ സജീവമായത്. ഷിപ്പിംഗ് കമ്പനിയിൽ നിന്ന് വിരമിച്ച ഭർത്താവ് ശശിധരൻ പിള്ളയും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ മകൻ എസ്. ഹരിയും കൃഷിയിൽ സുധാകുമാരിക്കൊപ്പം കൂടാറുണ്ട്.
മട്ടുപ്പാവിൽ ആധുനിക രീതിയിൽ 350 ഗ്രോ ബാഗുകളിലും ചട്ടികളിലുമായാണ് കൃഷി ചെയ്യുന്നത്. ഇതിനായി പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സഹായം ലഭിക്കാറുണ്ട്. ഇതിന് പുറമേ വീട്ടുവളപ്പിൽ കരകൃഷിയും വിവിധയിനം ഔഷധ സസ്യങ്ങളും നട്ടുവളർത്തുന്നു. തിരുവനന്തപുരം ബോട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമാണ് തൈകളും ,വിത്തുകളും ശേഖരിക്കുന്നത് . ഉത്പാദിപ്പിക്കുന്ന വിളകൾ വീട്ടാവശ്യത്തിന് ശേഷം സുഹൃത്തുക്കൾക്കും, അയൽക്കാർക്കും സൗജന്യമായി നൽകും. മട്ടുപ്പാവ് കൃഷിയിൽ ഇത്തവണ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും, പാചക മത്സരത്തിൽ രണ്ടാം സ്ഥാനവും സുധയ്ക്കായിരുന്നു.