തുറവൂർ: ദീപാവലി ഉത്സവത്തിന് തുറവൂർ മഹാക്ഷേത്രത്തിനു നാലു വശവുമുള്ള പൊതു സ്ഥലം താത്കാലിക കച്ചവടത്തിന് നൽകിയ ഇനത്തിൽ തറവാടകയായി ലഭിച്ച തുകയുടെ കണക്ക് ഉപദേശക സമിതി വെളിപ്പെടുത്തണമെന്ന് തുറവൂർ സംയുക്ത ഡ്രൈവേഴ്സ് സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്രക്കുളത്തിനു കിഴക്കുവശമുള്ള ടാക്സി സ്റ്റാന്റിൽ തറവാടക പിരിക്കാൻ ഉപദേശക സമിതി സംയുക്ത ഡ്രൈവേഴ്സ് സംഘത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ലഭിച്ച തുകയിൽ 3,30,000 രൂപ ഉപദേശക സമിതിക്ക് കൈമാറി. തറവാടകയുടെ കണക്ക് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ ഉപദേശക സമിതി ഭാരവാഹികൾ വെളിപ്പെടുത്താൻ വിസമ്മതിച്ചെന്നും ഒരു കമ്മിറ്റിയംഗം തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന അരലക്ഷം രൂപയും കണക്കു ബുക്കും ബലമായി പിടിച്ചു വാങ്ങിയതായും സംഘം ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംയുക്ത ഡ്രൈവേഴ്സ് സംഘം സെക്രട്ടറി കെ.എസ്.സ്റ്റാലിൻ, വൈസ് പ്രസിഡന്റ് ഷാജി, അംഗങ്ങളായ ബെന്നിക്കുട്ടൻ, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.