ചേർത്തല:പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഓട്ടം വിളിച്ചപ്പോൾ നിഷേധിച്ച ആട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അരൂക്കുറ്റി സ്റ്റാൻഡിലെ ഡ്രൈവർ ശശികുമാറിന്റെ ലൈസൻസാണ് മോട്ടോർവാഹന വകുപ്പ് ചേർത്തല ജോയിന്റ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ച്ച രാവിലെ ആയിരുന്നു സംഭവം.
മാത്താനം സ്വദേശി ഗോപാലകൃഷ്ണനാണ് 9 മാസം പ്രായമുള്ള പേരക്കുഞ്ഞുമായി അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകാൻ ഓട്ടം വിളിച്ചത്. ഒരു കിലോമീറ്ററിൽ താഴെമാത്രം ദൂരമുള്ള ആശുപത്രിയിലേക്കു വന്നില്ലെന്നു മാത്രമല്ല, അധിക്ഷേപിച്ചു സംസാരിച്ചെന്നും ഗോപാലകൃഷ്ണൻ മോട്ടോർ വാഹന വകുപ്പിനു നൽകിയ പരാതിയിൽ പറയുന്നു. ചേർത്തല എ.എം.വി.ഐ സുനിൽകുമാർ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്ന് ചേർത്തല ജോയിന്റ് ആർ.ടി.ഒ ഡി. ജയരാജ് പറഞ്ഞു. പിഴ ഒടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചെറിയ ഓട്ടങ്ങൾ നിരസിക്കുന്ന പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ആട്ടോയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.