 അക്കൗണ്ടിലെത്തിയത് നാലു ലക്ഷത്തോളം രൂപ

മാരാരിക്കുളം: അർബുദമാണെന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി നാലു ലക്ഷത്തോളം രൂപ സ്വന്തം അക്കൗണ്ടിലെത്തിച്ച വീട്ടമ്മയ്ക്കും സുഹൃത്തിനും, വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത മാദ്ധ്യമ പ്രവർത്തകയ്ക്കുമെതിരെ മാരാരിക്കുളം പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

സംഭവം രണ്ടു മാസമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാണ്. നവമാദ്ധ്യമങ്ങളിൽ സജീവമായ മാരാരിക്കുളത്തെ വീട്ടമ്മ, തനിക്ക് അർബുദമാണെന്നും സഹായിക്കണമെന്നും പറഞ്ഞ് ഫേസ്ബുക്കിൽ പോസ്​റ്റിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇത്. കാനഡയിലുള്ള മാദ്ധ്യമ പ്രവർത്തക പോസ്റ്റ് ഷെയർ ചെയ്തപ്പോൽ സംഭവം വൈറലായി. തുടർന്നാണ് നാല് ലക്ഷം രൂപയോളം വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തിയത്. ഒരു വർഷത്തെ പരിശോധനകൾക്കിടയിലും വീട്ടമ്മയ്ക്ക് അർബുദമാണെന്ന് തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ വീണ്ടും ചർച്ചയായി.മാദ്ധ്യമ പ്രവർത്തകയും വീട്ടമ്മയ്ക്ക് എതിരെ രംഗത്ത് വന്നു. പണം ആവശ്യപ്പെട്ടവർക്ക് വീട്ടമ്മ പണം തിരികെ നൽകിത്തുടങ്ങി.ഇതിനിടെ തിരുവനന്തപുരം സ്വദേശിയായ പൊതു പ്രവർത്തകൻ ഡി.ജി.പി ക്ക് നൽകിയ പരാതിയെ തുടർന്നാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 90 വയസുള്ള അമ്മയും ഏഴും അഞ്ചും വയസുമുള്ള മക്കളുമാണ് യുവതിയുടെ വീട്ടിലുള്ളത്. വീട്ടമ്മയും കൂലിവേലക്കാരനായ ഭർത്താവും സ്ഥലത്തില്ല. രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർ നപടി സ്വീകരിക്കുമെന്നും മാരാരിക്കുളം എസ്.ഐ പി.ജി.മധു പറഞ്ഞു.