ആലപ്പുഴ: വസ്തുതർക്കത്തെ തുടർന്ന് ഭാര്യയെ വീടിനുള്ളിലിട്ട് വെട്ടിക്കൊന്ന കേസിൽ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അലിമൻസിലിൽ സബിതയെ ഭർത്താവ് സന്ദീപ് (സൽമാൻ-37) ആണ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. 2017 മാർച്ച് ഏഴിനായിരുന്നു സംഭവം. ഹൈന്ദവ സമുദായത്തിൽപ്പെട്ട സന്ദീപ് മുസ്ളീം വിഭാഗക്കാരിയായ സബിതയുമായി പ്രണയത്തിലാകുകയും വീടുവിട്ടിറങ്ങി വിവാഹിതരാവുകയും ചെയ്തു. തുടർന്ന് സന്ദീപ് ഇസ്ളാം മതം സ്വീകരിച്ചു. ഇവർക്ക് ഒരു ആൺകുട്ടിയുണ്ട്. വസ്തു തർക്കം രൂക്ഷമായതോടെ ഇരുവരും ബന്ധം വേർപെടുത്താൻ കുടുംബകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കൗൺസിലിംഗുകൾക്കു ശേഷം വീണ്ടും ഒന്നിച്ചു താമസിക്കവേയാണ് കൊലപാതകം നടന്നത്. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 26 പ്രമാണങ്ങളും 10 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗം ഒരു സാക്ഷിയെ വിസ്തരിച്ചു. മൂന്ന് പ്രസാണങ്ങളും ഹാജരാക്കി. ആലപ്പുഴ സൗത്ത് സി.ഐ കെ.എൻ.രാജേഷായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി.ഗീതയും അഡ്വ. പി.പി.ബൈജുവും ഹാജരായി.