photo

ചേർത്തല:മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിന് സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരം.ഇവിടത്തെ കുട്ടി തോട്ടത്തിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.സ്‌കൂളിനോടു ചേർന്നുള്ള 40 സെന്റിലാണ് കൃഷി.വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് വിപുലമാക്കിയത്.പയർ,പാവൽ,വെണ്ട,ചീര,വഴുതന,പടവലം,പച്ചമുളക്, കാബേജ്,ക്വാളിഫ്ലവർ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന കൃഷിതോട്ടമാണ് ഒരുക്കിയത്. ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി.കഞ്ഞിക്കുഴിയിലെ കർഷകരും സ്‌കൂളിലെ രക്ഷകർത്താക്കളുമായ കെ.പി.ശുഭകേശൻ,സെബാസ്​റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി. പച്ചക്കറി തോട്ടത്തിനോടു ചേർന്ന് കിളികൾക്ക് കുളിക്കുന്നതിനായി ചട്ടികളിൽ 'കിളി കുളിക്കുളവും' ഒരുക്കിയിരുന്നു.
നമ്മുക്ക് മണ്ണിനെ സ്‌നേഹിക്കാം,പ്രകൃതിയെ സംരക്ഷിക്കാം എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകാനാണ് പച്ചക്കറി കൃഷി ചെയ്യുന്നതെന്ന് പ്രധാനാദ്ധ്യാപിക ജോളി തോമസും പി.ടി.എ പ്രസിഡന്റ് കെ.പി സുധീറും പറഞ്ഞു.