ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനോട് അനുബന്ധിച്ചുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നഗരസഭയും പൊതുമരാമത്തു വകുപ്പും സ്ഥലം ലേലത്തിന്റെ പേരിൽ നടത്തുന്ന തർക്കം അവസാനിപ്പിക്കണമെന്നും മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു.
തർക്കങ്ങൾ പരിഹരിച്ച് ചിറപ്പ് സുഗമമായി നടത്താൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണം. എല്ലാവർഷവും ഉത്സവ സമയത്തുള്ള ഈ തർക്കം ആലപ്പുഴയുടെ സാംസ്‌കാരിക ഉത്സവമായ മുല്ലയ്ക്കൽ ചിറപ്പിന്റെ പകിട്ട് കുറയ്ക്കുന്നുണ്ട്. റോഡ് വികസനത്തിന് എന്ന പേരിൽ പി.ഡബ്ല്യു.ഡി അധികൃതർ ക്ഷേത്രഗോപുരത്തോട് ചേർന്നും എതിരേൽപ്പ് ആൽ നിൽക്കുന്നിടവും അടയാളപ്പെടുത്തിയതും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, ഭാരവാഹികളായ ജി.സതീഷ്‌കുമാർ, ആർ.വെങ്കിടേഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ പി. അനിൽ കുമാർ, രാമചന്ദ്രൻ, കെ.എം.ബാബു, ബി.വിജയൻ, പ്രേം, വേലായുധൻ പിള്ള, ഹരികുട്ടൻ, കെ.പി.നാരായണൻ എന്നിവർ
പറഞ്ഞു.