ആലപ്പുഴ: ചക്കുളത്തുകാവിൽ ഡിസംബർ 10ന് നടക്കുന്ന പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കാൻ 998 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പൊങ്കാല നടത്തിപ്പുമായി ബന്ധപ്പെട്ട് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി. ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ആറ് സെക്ടറിലായി ഏഴ് സി.ഐ, 56 എസ്.ഐ, 130 എ.എസ്.ഐ, 638 പൊലീസ് കോൺസ്റ്റബിൾ, 134 വനിതാ പൊലീസ്, മഫ്തി പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സുരക്ഷാ സേന. ക്ഷേത്ര പരിസരത്ത് പൊലീസ് കൺട്രോൾ റൂം സജ്ജമാക്കും. ഫയർഫോഴ്‌സിന്റെ സറ്റാൻഡ് ബൈ ഡ്യൂട്ടി സേവനം, 24 മണിക്കൂർ എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവ ക്ഷേത്ര പരിസരത്തുണ്ടാകും. സി.സി ടി.വി കാമറകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം ഉത്സവ നടത്തിപ്പെന്ന് യോഗം തീരുമാനിച്ചു.
പൊങ്കാല ദിവസം കെ.എസ്.ആർ.ടി.സി അധികമായി 70 സർവീസ് നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ താത്കാലിക ഓപ്പറേറ്റിംഗ് സ്റ്റേഷൻ പ്രവർത്തിക്കും. തിരുവല്ല ഡിപ്പോയിൽ നിന്നും 9, 10 തീയതികളിൽ രാത്രി ഉൾപ്പെടെ സ്‌പെഷ്യൽ ചെയിൻ സർവീസുകൾ നടത്തും. ആലപ്പുഴ, പുളിങ്കുന്ന്, കാവാലം, ലിസിയോ, കിടങ്ങറ എന്നിവിടങ്ങളിൽ നിന്നു 9, 10 തീയതികളിൽ ജലഗതാഗതവകുപ്പും പ്രത്യേസർവീസ് ഒരുക്കിയിട്ടുണ്ട്. പൊങ്കാലയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന് മുൻവർഷങ്ങളിലെ പോലെ വിവിധ സർക്കാർ ഏജൻസികളുടെ സേവനവും സഹായസഹകരണവും ഏകീകരിച്ച് ലഭ്യമാക്കും. അവലോകന യോഗത്തിൽ ക്ഷേത്രകാര്യദർശി മണിക്കുട്ടൻ തിരുമേനി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, വിവിധ വകുപ്പു തലവന്മാർ, ക്ഷേത്രഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.