 ആകെ അനുവദിച്ചത് 201വീടുകൾ

ആലപ്പുഴ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണവകുപ്പിന്റെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകുന്ന 'കെയർ ഹോം' പദ്ധതി ജില്ലയിൽ അന്തിമ ഘട്ടത്തിലേക്ക്. ആകെയുള്ള 201 വീടുകളിൽ 152 എണ്ണം പൂർത്തിയായി. ഡിസംബർ 31നകം 19 വീടുകൾ കൂടി പൂർത്തിയാക്കും. സ്ഥലം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാത്ത 4 വീടുകൾ ഒഴികെയുള്ളവ അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണ് കെയർഹോമിന്റെ ലക്ഷ്യം.

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ പുന്നമട കായലിനു മറുകരയിലെ 11 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലായാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ജില്ലയിലെ മിക്ക വീടുകളും ഉൾപ്രദേശങ്ങളിലും ദുർഘടമായ സ്ഥലങ്ങളിലും നിർമ്മിക്കേണ്ടവയായതിനാൽ നിർമ്മാണം ഏറ്റെടുത്ത സഹകരണ സ്ഥാപനങ്ങൾ 50,000 രൂപ വരെ അധികമായി സ്വന്തം ഫണ്ടിൽ നിന്നു മുടക്കിയാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.
സഹകരണ സംഘം ജീവനക്കാർ, സഹകരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവരുടെ സാമ്പത്തിക പിന്തുണയും കെയർഹോം പദ്ധതിക്കുണ്ട്. കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കിലെ ചതുപ്പു പ്രദേശങ്ങളിൽ പ്രത്യേക ഘടനയിൽ അടിത്തറ ബലപ്പെടുത്തിയും ഉയർത്തിയുമാണ് വീടുകൾ നിർമ്മിക്കുന്നത്. ഇതിന് സഹകരണ സംഘം രജിസ്ട്രാർ 10,000 രൂപ മുതൽ 2.35 ലക്ഷം രൂപ വരെ അധികഫണ്ട് ഓരോ വീടിനും അനുവദിച്ചിട്ടുണ്ട്.

 തുടർന്ന് 'കെയർ ഗ്രെയ്സ്'

കെയർ ഹോം വീടുകൾ ലഭിച്ച കുടുംബാംഗങ്ങൾക്കായി ക്ഷേമ പദ്ധതിയെന്നോണം ' കെയർ ഗ്രേയ്സ് ' എന്ന തുടർ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ജീവനോപാധികളും ഉപകരണങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള ആശ്വാസ പദ്ധതിയാണിത്. കെയർ ഗ്രേയ്സ് പദ്ധതി വിജയിപ്പിക്കാനായി ജില്ലാ സഹകരണ ബാങ്ക് എല്ലാ കെയർ ഹോം കുടുംബങ്ങൾക്കും ഓരോ പ്രഷർ കുക്കർ സൗജന്യമായി നൽകുമെന്ന് ജോയിന്റ് രജിസ്ട്രാർ പ്രവീൺദാസ് പറഞ്ഞു. പദ്ധതിക്കായി സഹകരണ സംഘം രജിസ്ട്രാർ ഇതുവരെ 8. 65 കോടിയും കളക്ടർ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 1. 77 കോടിയും ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഈ തുകയും സഹകരണ സംഘങ്ങൾ ചെലവഴിക്കുന്ന തുകയും ചേർത്താണ് പദ്ധതി പൂർത്തിയാക്കുന്നത്.

....................................

 4 ലക്ഷം: സഹകരണസംഘം രജിസ്ട്രാർ അനുവദിക്കുന്ന തുക
 95,100:സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ളത്

.....................................

(താലൂക്ക്, അനുവദിച്ച വീടുകൾ, പൂർത്തിയായത്)

 ചേർത്തല: 11,11

 കുട്ടനാട് : 62, 13

 അമ്പലപ്പുഴ: 32, 13

 കാർത്തികപ്പള്ളി: 24,13

 മാവേലിക്കര : 32, 26

 ചെങ്ങന്നൂർ : 27, 27