യജ്ഞവേദികളിൽ കൈനകരി രമേശൻ മുപ്പതാം വർഷത്തിലേക്ക്
ആലപ്പുഴ: കഥകളും കദനങ്ങളും കടലുപോലിരമ്പുന്ന ഭാഗവതത്തോളം വിശാലമായൊരു പശ്ചാത്തലമുണ്ട്, സപ്താഹ യജ്ഞ വേദികളിലെ സജീവ സാന്നിദ്ധ്യമായ കൈനകരി രമേശന്. കടപ്പുറത്തെ ചാകരപ്പാടിൽ ചായക്കട നടത്തി, കായലിലെ മണ്ണുവാരൽ തൊഴിലാളിയായി, കടത്തുകടവിലെ തോണിക്കാരനായി ജീവിതത്തിന്റെ വിവിധ അദ്ധ്യായങ്ങളിലൂടെ ആദ്ധ്യാത്മിക വേദിയിലേക്കെത്തിയ രമേശന്റെ (56) മനസിൽ ഇപ്പോഴുമുണ്ട് ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന ഒരുപാടോർമ്മകൾ.
കുട്ടനാടിന്റെ പരിഛേദമായ കൈനകരിയിലെ പത്തിൽച്ചിറ വീട്ടിൽ, കായലിലെ കടത്തുകാരനായിരുന്ന സുകുമാരന്റെയും ലീലയുടെയും മൂന്നു മക്കളിൽ ഒരാളായ രമേശന് ഭാഗവത പാരായണത്തിൽ പ്രത്യക്ഷത്തിൽ ഒരു ഗുരുവില്ല. വീട്ടിലെ പ്രാരാബ്ദ്ധങ്ങളെത്തുടർന്ന് പഠന ശേഷം അച്ഛനൊപ്പം കഴുക്കോലൂന്നാൻ പോകുമായിരുന്നു. പിന്നീട് ചായക്കച്ചവടമായി. പുന്നപ്ര പടിഞ്ഞാറ് കടപ്പുറത്തെ ചാകരപ്പാടിൽ ചായക്കച്ചവടം നടത്തുന്ന കാലം. ഈ സമയം അറവുകാട് ക്ഷേത്രത്തിൽ യജ്ഞാചാര്യൻ ഹരിപ്പാട് രാമകൃഷ്ണന്റെ നേതൃത്വത്തിൽ സപ്താഹയജ്ഞം നടക്കുന്നുണ്ടായിരുന്നു. കടയിൽ നിന്നുള്ള ഇടവേളകളിൽ പാരായണം കേൾക്കാനെത്തിയ രമേശൻ, പതിയെ ഭാഗവത കഥകളിലേക്ക് ആകൃഷ്ടനായി. തുടർന്ന് ഒരുപാട് യജ്ഞ വേദികളിൽ സ്ഥിരം സാന്നിദ്ധ്യമായി. പാരായണ ശൈലിയും കഥകളും കേട്ടുപഠിച്ചു. ഹരിപ്പാട് രാമകൃഷ്ണനെ സങ്കല്പ ഗുരുവായി മനസിൽ പ്രതിഷ്ഠിച്ചായിരുന്നു ഭാഗവത വഴിയിലൂടെയുള്ള യാത്ര.
ഇതിനിടെ കച്ചവടം പൊളിഞ്ഞു. കടം തലപ്പൊക്കത്തിനും മീതെയായി. രക്ഷയില്ലെന്നു കണ്ടപ്പോൾ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് മുങ്ങി. പറശ്ശിനിക്കടവ് പുഴ രമേശന് മറ്റൊരു വരുമാനമാർഗം കാട്ടിക്കൊടുത്തു. കടത്തുകാരനായ സുകുമാരന്റെ മകനെ പുഴയുടെ ആഴം ഭയപ്പെടുത്തിയില്ല. പുലർകാലത്തെ മരംകോച്ചുന്ന തണുപ്പിൽപ്പോലും പുഴയാഴത്തിലേക്കിറങ്ങി മണൽ വാരി. അങ്ങനെ കിട്ടിയ പണം സ്വരുക്കൂട്ടി രമേശൻ ആദ്യമായി വാങ്ങിയ ഒന്ന് ഇപ്പോഴുമുണ്ട് ഏതുനേരവും കൈയകലത്തിൽ- ശ്രീമദ് ഭാഗവതം.
മൂന്നു വർഷത്തിനു ശേഷം നാട്ടിലെത്തി. പല സ്ഥലങ്ങളിലും പാരായണത്തിനു പോയിത്തുടങ്ങി. എസ്.എൻ.ഡി.പി യോഗം കൈനകരി മുട്ടാർ ഏഴാം നമ്പർ ശാഖയുടെ കീഴിലുള്ള ശിവക്ഷേത്രാങ്കണം ആയിരുന്നു രമേശന്റെ ആദ്യ യജ്ഞ വേദി; 1991ൽ. തുടക്കക്കാരന്റെ പതർച്ചയില്ലാതെ സദസിനെ ഭഗവത്പാദങ്ങളിൽ തൊടുവിച്ച രമേശൻ ഇപ്പോൾ കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീദേവീ ക്ഷേത്രത്തിലെ യജ്ഞ വേദിയിലാണ്. ഇത്രയും നാളത്തെ യാത്രയ്ക്കിടെ ഇത് എത്രാമത്തെ വേദിയാണെന്ന് ഓർത്തെടുക്കാനാവുന്നില്ല.
അരങ്ങേറ്റ വേദിക്കു ശേഷം വണ്ടാനം ഇടത്തിൽ ക്ഷേത്രത്തിലെ യജ്ഞത്തിനിടെ സദസിൽ രമേശൻ ഒരാളെ കണ്ടു, തന്റെ സങ്കല്പ ഗുരു ഹരിപ്പാട് രാമകൃഷ്ണൻ! അടുത്തേക്ക് ഓടിയെത്തി ദക്ഷിണ സമർപ്പിച്ചപ്പോഴാണ്, ഇങ്ങനൊരാളുടെ മനസിലെ ഗുരുവാണ് താനെന്ന് അദ്ദേഹം അറിയുന്നതുപോലും!
പുന്നപ്ര അറവുകാട് ശ്രീ ദേവീ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവേ പരിചയപ്പെട്ട സുജാത പിന്നീട് ജീവിത സഖിയായി. പട്ടാളക്കാരനാണ് മകൻ ശരത്ത്. ഡിസംബർ മൂന്നു മുതൽ ചേർത്തല കുറ്റിക്കാട്ട് ഭദ്രകാളി ക്ഷേത്രാങ്കണമാണ് രമേശന്റെയും സംഘത്തിന്റെയും അടുത്ത യജ്ഞവേദി.