ആലപ്പുഴ: കയർകേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാലുമുതൽ എട്ടുവരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു. നാലിന് രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. അന്തർദേശീയ പവലിയനുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ആഭ്യന്തര പവലിയൻ മന്ത്രി പി. തിലോത്തമനും സാംസ്കാരിക പരിപാടികൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. എം.പിമാരായ എ.എം.ആരിഫ് , കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുക്കും.
നാലിന് വൈകിട്ട് 4.30ന് സാംസ്കാരികസന്ധ്യ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം നിമിഷ സജയൻ, ഡോ. ഖദീജ മുംതാസ്, ഡോ.കെ. ശാരദക്കുട്ടി, ഡോ.പി.എസ്. ശ്രീകല എന്നിവർ പങ്കെടുക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ എട്ട് വാദ്യപ്രമാണിമാർ പങ്കെടുക്കുന്ന കേരളീയ തുകൽ വാദ്യങ്ങളുടെ താളവാദ്യലയ സമന്വയം, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, സയനോര, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കുന്ന പാട്ടുത്സവം എന്നിവയാണ് ആദ്യദിവസത്തെ കലാപരിപാടികൾ.
രണ്ടാം കയർ പുനഃസംഘടനയുടെ നേട്ടങ്ങളും ഭാവിവഴികളും ചർച്ച ചെയ്യുന്ന കയർ സഹകരണ സെമിനാർ നാലിന് രാവിലെ മുതൽ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. 1,500പേർ പങ്കെടുക്കും. കയറിന്റെ പുത്തൻ ഉത്പന്നങ്ങളും ഉപയോഗസാദ്ധ്യതകളും സംബന്ധിച്ച ടെക്നിക്കൽ സെഷൻ 5ന് ചുങ്കം കയർ മെഷിനറി ഫാക്ടറിയിൽ നടക്കും. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സെമിനാർ ഉദ്ഘാടനം ചെയ്യും. മണ്ണുജല സംരക്ഷണത്തിന് കയർ ഭൂവസ്ത്രം എന്ന ശില്പശാല 7ന് രാവിലെ 9.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 2,000 പേർ ശില്പശാലയിൽ പങ്കെടുക്കും.
6ന് ബയർ സെല്ലർ മീറ്റിൽ 100 വിദേശ വ്യാപാരികളും 150 ആഭ്യന്തര വ്യാപാരികളും പങ്കെടുക്കും. മന്ത്രി ഡോ. കെ.ടി. ജലീൽ ബയർ സെല്ലർ മീറ്റിൽ പങ്കെടുക്കും. 100 സംരംഭകർ പങ്കെടുക്കുന്ന ഡീഫൈബറിംഗ് മില്ലുകളുടെ ബിസിനസ് മീറ്റ് എട്ടിന് നടക്കും.
8ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവിധ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയും അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് ടൗൺ സ്ക്വയറിൽ നിന്ന് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് സാംസ്കാരിക ഘോഷയാത്രയും ഉണ്ടാകും.
കയർ വികസന വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, കയർ മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ അഡ്വ. കെ.പ്രസാദ്, ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ.ഭഗീരഥൻ, കയർ വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.