ആലപ്പുഴ: കയർ വ്യവസായത്തിൽ കാലങ്ങളായുള്ള അടിസ്ഥാന ദൗർബല്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നുവെന്നതാണ് രണ്ടാം പുന:സംഘടനയുടെ പ്രാധാന്യമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇത്തവണ കയർകേരളയിൽ റിലയൻസ് ഫ്യൂമ ഉൾപ്പെടെ 7 വൻകിട സ്ഥാപനങ്ങളുമായി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കും. കയർ കേരളയിലെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്ന സ്ഥാപനങ്ങൾക്ക് 20 ശതമാനം വിലക്കുറവിലാണ് ഉത്പന്നങ്ങൾ നൽകുന്നത്. യന്ത്രവത്കരണത്തിലൂടെ മാത്രമേ കയർമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുകയുള്ളു എന്ന ധാരണയിലുള്ള പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. മൂന്നുകൊല്ലം മുമ്പ് 10,000 ടണ്ണിൽ താഴെയായിരുന്നു സംസ്ഥാനത്തെ കയർ ഉത്പാദനം. കേരളത്തിലെ കയർ വ്യവസായത്തിൽ പ്രൗഢിയുടെ കാലത്ത് ഒരുലക്ഷം ടൺ കയർ ഉത്പാദിപ്പിച്ചു കൊണ്ടിരുന്ന സ്ഥിതിയിൽ നിന്നായിരുന്നു ഈ പതനം. ചകിരിക്കു വേണ്ടിയുള്ള സമ്പൂർണ്ണ പരാശ്രിതത്വമാണ് വ്യവസായത്തെ ഈ നിലയിൽ എത്തിച്ചതിന്റെ ഒരു പ്രധാന കാരണം. 2017-18ൽ ഉത്പാദനം 14,500 ടണ്ണായി ഉയർന്നിട്ടുണ്ട്. 2019-20 അവസാനിക്കുമ്പോഴേക്കും ഉത്പാദനം 20,000 ടണ്ണായി ഉയരുമെന്ന് ഉറപ്പാണ്. 2020-21ൽ 40,000 ടൺ ആണ് ലക്ഷ്യമിടുന്നത്.
കയർപിരി സംഘങ്ങളെ ആധുനീകരിക്കാനും പുന:ക്രമീകരിക്കാനുമുള്ള ശക്തമായ നടപടികൾ പുരോഗമിക്കുകയാണ്. കയർഫെഡ് സംഭരിക്കുന്ന കയർ, വിപണിയില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ഇന്ന് സംഭരിക്കുന്ന കയർ മുഴുവൻ വിറ്റഴിക്കപ്പെടുകയാണ്. ഇത് ഉൽപ്പന്നമേഖലയിൽ തന്നെയാണ് വിനിയോഗിക്കപ്പെടുന്നത്.
ആവശ്യമുള്ള ഉത്പന്നങ്ങളിലേക്ക്
അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന കയർ ഉപയോഗിച്ച് ആവശ്യമുള്ള ഉൽപ്പന്നങ്ങളിലേക്കു മാറാനാണ് ശ്രമം. 2017 കയർ കേരളയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി നൂറിലധികം കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനുള്ള കരാറാണ് ഒപ്പുവച്ചത്. പക്ഷെ, ഇത് പൂർണ്ണമായും നൽകാനായില്ല. അതേസമയം 60 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് പുതിയ ഉപയോഗമേഖലകളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്ര വിനിയോഗത്തിന് അംഗീകാരമായി. കേന്ദ്ര പി.ഡബ്ല്യു.ഡിയുടെ റോഡ് നിർമ്മാണങ്ങൾക്കും കയർ ഭൂവസ്ത്രം അംഗീകൃത ഉത്പന്നമായി വിജ്ഞാപനം ഇറങ്ങുകയാണ്.
ചകിരി ദൗർലഭ്യം
രണ്ടാം കയർ പുന:സംഘടനയുടെ പ്രധാനപ്പെട്ട ഊന്നൽ ചകിരി ഉത്പാദനത്തിലാണ്. തൊണ്ട് സുലഭമായ ഇടങ്ങളിൽ മില്ലുകൾ സ്ഥാപിച്ച് ചകിരി ഉത്പാദിപ്പിക്കും. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും കുടുംബശ്രീപോലുള്ള സംവിധാനങ്ങൾ വഴി തൊണ്ട് ശേഖരിച്ച് ചകിരി ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികളാണ് വിജയം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കയർഫെഡിൽ 1.11 ലക്ഷം ക്വിന്റൽ ചകിരിയും 4.87 ലക്ഷം ക്വിന്റൽ കയറും സംഭരിച്ചിട്ടുണ്ട്.