ആലപ്പുഴ: കയർ കേരള 2019 നോടനുബന്ധിച്ച് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ കയറും അനുബന്ധ സാമഗ്രികളും മാത്രം ഉപയോഗിച്ച് വിന്യസിക്കുന്ന കയർ ആർട്ട് ഇൻസ്റ്റലേഷനുകളുടെ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവഹിച്ചു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ശവക്കോട്ടപ്പാലം മുതൽ ബീച്ചുവരെയുള്ള ഭാഗങ്ങളിൽ പലതരത്തിലുള്ള ദൃശ്യവിന്യാസങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെന്നും ഇതിലൂടെ ഒട്ടേറെ കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിൽസൺ പൂക്കായി, ടി.ആർ.ഉദയകുമാർ, പി.ജി.ദിനേശ്, അനിൽ ബി.കൃഷ്ണ, ഹോച്ചിമിൻ, ബാലമുരളി, അമീൻ ഖലീൽ, ലീനാരാജ്, പ്രമോദ് ഗോപാലകൃഷ്ണൻ, രാജേഷ് പട്ടുകുളം, കമൽ കാഞ്ഞിലൻ, രാജൻ അരിയല്ലൂർ, അനിലാഷ്, അനിൽ ജയൻ, എം.ഹുസൈൻ എന്നീ കലാകാരന്മാരാണ് കയർ ഇൻസ്റ്റലേഷനുകൾ രൂപപ്പെടുത്തുന്നത്. 2ന് ഇൻസ്റ്റലേഷനുകൾ പൂർണമായും തയ്യാറാക്കി കഴിയുകയുള്ളു. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് ഇൻസ്റ്റലേഷനുകൾ വിന്യസിക്കുന്നത്.
കയർ കോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കയർ കോർപ്പറേഷൻ എം.ഡി ജി.ശ്രീകുമാർ, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ.അനിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ. ആർ.റിയാസ് എന്നിവർ സംസാരിച്ചു.