ആലപ്പുഴ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ കെ.എസ്.യുവിന്റെ വ്യാപക പ്രതിഷേധം.
ആലപ്പുഴയിലും കായംകുളത്തും പ്രവർത്തകർ റോഡ് ഉ പരോധിച്ചു. ആലപ്പുഴ ജില്ലാക്കോടതി പാലത്തിന് സമീപം ജില്ലാ ജനറൽ സെക്രട്ടറി സരുൺ റോയിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7.30തോടെയായിരുന്നു റോഡ് ഉപരോധിച്ചത്. 15 മിനിറ്റ് നേരം ഇവിടെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ആർ.അംജിത്ത് കുമാർ, സജിൽ ഷെറീഫ്, ആൽബിൻ അലക്‌സ്, അൻസിൽ, ജലീൽ, ഷഹബാസ്, ഉബൈസ് റഷീദ്, വിശാഖ് വിജയൻ, വിവേക് വിജയൻ, നെയിഫ് നാസർ, ഷാഹുൽ ജെ. പുതിയ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കായംകുളത്ത് ജില്ലാ പ്രസിഡന്റ് നിതിൻ എ.പുതിയിടത്തിന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. വിശാഖ് പത്തിയൂർ, ഷെമീം എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചെങ്ങന്നൂരിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.