ചേർത്തല: സൈക്കിളിൽ പോയ ഗൃഹനാഥനെ തടഞ്ഞുനിറുത്തി മൂന്നു പവൻ മാല പൊട്ടിച്ചു കടന്ന കേസിൽ 3 പേർ പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ചിറയിൽ സുധീഷ് (വെരുക്- 29), കൊച്ചുപറമ്പിൽ കെ.എസ്. അജിത്ത് (പശ- 26),14–ാം വാർഡ് വനസ്വർഗത്തുവെളി സലിമോൻ (ലാലൻ- 37) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 26ന് രാത്രി 9.30t; കണിച്ചുകുളങ്ങര പൊഴിക്കൽ ഭാഗത്തായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8-ാം വാർഡ് സായൂജ്യം വീട്ടിൽ അനിരുദ്ധന്റെ (59) മാലയാണ് പ്രതികൾ പൊട്ടിച്ചത്. അനിരുദ്ധൻ വീട്ടിലേക്കു പോകുന്നതിനിടെ സുധീഷും അജിത്തും പിന്നിലൂടെ ബൈക്കിലെത്തി സൈക്കിളിന് കുറുകെയിട്ട് തടഞ്ഞ് മാല പൊട്ടിച്ച് കടക്കുകയായിരുന്നുയെന്ന് പൊലീസ് പറയുന്നു. മാല വിൽക്കാൻ ശ്രമിച്ചയാളാണ് സലിമോൻ. സുധീഷും അജിത്തും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. അർത്തുങ്കൽ എസ്.ഐ കെ.ശിവപ്രസാദ്, വിനോഷ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.