ചേർത്തല: വിനോദയാത്രക്ക് പുറപ്പെട്ട വിദ്യാർത്ഥികൾക്ക് കഞ്ചാവുപൊതി കൈമാറിയ സംഭവത്തിൽ എക്‌സൈസ് അന്വേഷണം തുടങ്ങി. ചേർത്തല നഗരത്തിന് കിഴക്കുള്ള ഗ്രാമപഞ്ചായത്തിലെ സ്‌കൂളിൽ നിന്നുള്ള യാത്രയ്ക്കിടെയാണ് സംഭവം.
വിദ്യാർത്ഥികളെ യാത്രയാക്കാനെത്തിയ രക്ഷിതാക്കളുടെ പരാതിയിൽ ചേർത്തല സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൈമാറിയ പൊതികൾ കഞ്ചാവാണെന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ഇതിനിടെ കഞ്ചാവ് കൈമാറാൻ ബൈക്കിലെത്തിയ യുവാവ് കടന്നതായാണ് വിവരം. എക്‌സൈസ് സംഘം സ്‌കൂളിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ യാത്രാ സംഘത്തിലെ അദ്ധ്യാപകർക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളും നിരീക്ഷണത്തിലാണ്.