ആലപ്പുഴ: കയർ ഉത്പന്നങ്ങൾക്ക് കയർ കേരളയിൽ നൽകുന്ന ഓർഡറുകൾക്ക് സർക്കാർ പത്തു ശതമാനം അധിക സബ്സിഡി നൽകും. നിലവിൽ 10 ശതമാനമാണ് കയറ്റുമതിക്കാർക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ട്. സബ്സിഡി കൂടിയാകുമ്പോൾ കയർകേരളയിലെ ഓർഡറുകൾക്ക് ഇത് 20 ശതമാനമായി മാറും.
കയർ മേഖലയിലെ പ്രാഥമിക സംഘങ്ങൾ പിരിക്കുന്ന കയർ കയർഫെഡാണ് വാങ്ങുന്നത്. അവരിൽ നിന്നും ചെറുകിട മാറ്റ് ആൻഡ് മാറ്റിംഗ്സ് സംഘങ്ങൾ വാങ്ങി ഉൽപന്നങ്ങളാക്കി മാറ്റും. ഈ ഉൽപന്നങ്ങൾ കയർ കോർപ്പറേഷൻ വാങ്ങി കയറ്റുമതിക്കാർക്ക് നൽകുകയാണ് ചെയ്തുവരുന്നത്. ഇത്തരത്തിൽ കയറ്റുമതിക്കാർ വാങ്ങുന്ന ഉൽപന്നങ്ങൾക്കാണ് നിലവിൽ 10 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നത്.
ശിങ്കാരി മേള മത്സരം ഇന്ന്
കയർ കേരള 2019നു മുന്നോടിയായി ഇന്ന് വൈകിട്ട് 4ന് ആലപ്പുഴ കടൽത്തീരത്ത് ശിങ്കാരി മേള മൽസരം അരങ്ങേറും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 15000 രൂപയുമാണ് സമ്മാനം. കുറഞ്ഞത് 18 പേരും പരമാവധി 24 പേരും അടങ്ങുന്ന സംഘങ്ങളാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്.
സോഷ്യൽ മീഡിയ മത്സരം:
ആറു നാളുകൾ കൂടി
കയർ കേരളയുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രചാരണ മത്സരം ആറിന് സമാപിക്കും. നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വ്യക്തികളുമാണ് മത്സരരംഗത്തുള്ളത്. വീഡിയോകൾ, ട്രോളുകൾ, പോസ്റ്റുകൾ തുടങ്ങിയവയിലാണ് മത്സരം.