photo

 ഒമ്പത് കേസുകളിൽ ജീവപര്യന്തം വാങ്ങിക്കൊടുത്ത് അഡ്വ. പി.പി. ഗീത

ആലപ്പുഴ: അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച മുഴുവൻ കൊലപാതക കേസുകളിലെയും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് പി.പി.ഗീത. 9 കൊലക്കേസുകളിലെ പ്രതികളെയാണ് മൂന്നു വർഷത്തിനിടെ ഗീത ഇരുമ്പഴിയിലാക്കിയത്. കൊല്ലപ്പെട്ടവരുടെ മക്കൾക്ക് നിയമസേവന അതോറിട്ടിയുടെ സംരക്ഷണം ലഭ്യമാക്കാനും ഗീത പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്.

ഭൂമിതർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി, അമ്പലപ്പുഴ സ്വദേശി സന്ദീപിന് (സൽമാൻ) ഇന്നലെ നേടിക്കൊടുത്ത ജീവപര്യന്തമാണ് ഏറ്റവും ഒടുവിലത്തേത്.

പ്രതികൾക്ക് തടവുശിക്ഷ വാങ്ങിനൽകിയതോടൊപ്പം പിഴയും വിധിക്കാൻ ഗീതയുടെ വാദങ്ങൾ നീതിപീഠത്തിന് പ്രചോദനമേകി. .

തന്റെ മുന്നിലുള്ള ഓരോ കക്ഷിയും സ്വന്തം കുടുംബാംഗമെന്ന നിലയിലാണ് കോടതിയിൽ കേസ് വാദിക്കുന്നതെന്ന് ഗീത പറയുന്നു. വിചാരണയ്ക്ക് മൂന്ന് മാസം മുമ്പ് തയ്യാറെടുപ്പുകൾ ആരംഭിക്കും. സംഭവസ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തും. ഇന്നലെ വിധിപറഞ്ഞ സബിത വധക്കേസിലും ജയപ്രകാശ് വധക്കേസിലും ദൃക്സാക്ഷികൾ ഇല്ലായിരുന്നു.

2017 ജനുവരിയിലാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ഗീത നിയമിതയാകുന്നത്. ഒറ്റമശേരി ഇരട്ടക്കൊല കേസിൽ ഗീതയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. 5 പേർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തൃക്കുന്നപ്പുഴ സുനിൽകുമാർ വധക്കേസിലെ പ്രതികളായ രണ്ട് സഹോദരൻമാർക്കും ജീവപര്യന്തം ശിക്ഷലഭിച്ചു. കൈനകരി ജയപ്രകാശ് വധം, ചുങ്കം ഷാപ്പ് ജീവനക്കാരന്റെ കൊലപാതകം, അമ്പലപ്പുഴ സ്വദേശി ഷാജിമോന്റെ കൊലപാതകം, പുളിങ്കുന്ന് സ്വദേശി സുരേഷിന്റെ കൊലപാതകം, ചേർത്തല മുരുകൻ കൊലക്കേസ് എന്നിവയിലെല്ലാം പ്രതികൾക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ.

ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയാണ് പി.പി.ഗീത. അഡ്വ. പി.പി.ബൈജുവും പ്രോസിക്യൂഷന് വേണ്ടി ഈ കേസുകളിൽ ഹാജരായിട്ടുണ്ട്.