ambala

അമ്പലപ്പുഴ: കൊല്ലം പാരിപ്പള്ളിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് , കാർ യാത്രക്കാരായ യുവാവും ബന്ധുവായ പി.ജി.വിദ്യാർത്ഥിനിയും മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ പള്ളിവെളി കൊച്ചുപറമ്പിൽ പരേതനായ അബ്ദുൾ ഖാദറിന്റെ മകൻ മുജീബ് ( 43) , ബന്ധുവും വളഞ്ഞവഴി വടക്കേ തൊമ്മൻ വേലിക്കകത്ത് താഹ - താജുന്നിസ ദമ്പതികളുടെ മകളുമായ തഹ്സിന (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുജീബിന്റെ ഭാര്യ ബുഷ് റ, മകൻ മുഹമ്മദ് അദിനാൻ ,ഭാര്യാ സഹോദരൻ തൃക്കുന്നപ്പുഴ കണ്ടൻ കേരി തൈവെപ്പിൽ സെയ്ദ് , ബന്ധു സുഹ്റ എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദേശത്തേക്ക് പോകുന്ന സെയ്ദിനെ യാതയാക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്ന മുജീബ് സംഭവസ്ഥലത്ത് മരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് തഹ്സിന മരിച്ചത്. കൊല്ലം തുറുഖ ഓഫീസിലെ ജീവനക്കാരനായിരുന്നു മുജീബ്. ഭാര്യ ബുഷ്റ കരുമാടി കെ.കെ കുമാരപിള്ള ഗവ.ഹൈസ്‌കൂൾ അദ്ധ്യാപികയാണ്. എക മകൻ മുഹമ്മദ് അദിനാൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹവ്വാ ഉമ്മ, സഹോദരങ്ങൾ:സാബിദ, റസിയ.

ചേർത്തല സെന്റ് ജോസഫ് കോളേജിലെ ഫാർമസി പി.ജി വിദ്യാർത്ഥിനിയാണ് തഹ്സിന.സഹോദരി -തസ്മില.

മുജീബിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളിയിൽ കബറടക്കി. . തഹ്സിന യുടെ മൃതദേഹം മോർച്ചറിയിൽ.