എടത്വ: നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന 63ാം മത് ഉത്രാടം തിരുനാൾ പമ്പാ ജലമേളയിൽ കേരളാ പൊലീസ് ക്ലബ് തുഴഞ്ഞ ആയാംപറമ്പ് വലിയദിവാൻജിയെ തുഴപ്പാടുകൾക്ക് പിന്നിലാക്കി എടത്വ സെന്റ് ജോർജ്ജ് ചുണ്ടൻ ഫാൻസ് ക്ലബ് തുഴഞ്ഞ സെന്റ് ജോർജ്ജ് ചുണ്ടൻ ജേതാവായി. അമിച്ചകരി ബോട്ട് ക്ലബ് തുഴഞ്ഞ ആയാംപറമ്പ് പാണ്ടി മൂന്നാമതെത്തി.
വെപ്പ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ചെത്തിക്കാടൻ ഒന്നാമതും പട്ടേരിപുരയ്ക്കൻ രണ്ടാമതും ആശാ പുളിക്കക്കളം മൂന്നാമതും എത്തി.
വള്ളംകളിക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ മാസ് ഡ്രില്ലിൽ അഭിവാദ്യം സ്വീകരിച്ചു. കേന്ദ്ര ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീവാസ് സജ്ഞയ് സമ്മാനവിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജനൂബ് പുഷ്പാകരൻ, അരുദ്ധതി അശോക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസമ്മ പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, സിനിമാതാരം തനുജാ കാർത്തിക്, കെ.എം. സുരേഷ്, ബിജു സി. ആന്റണി എന്നിവർ പ്രസംഗിച്ചു.