ഇക്കുറി ലേലത്തർക്കം ഒഴിവാകും
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട താത്കാലിക കടകളുടെ ലേലത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഒഴിഞ്ഞു. കടകൾക്ക് സ്ഥലം ലേലം ചെയ്ത് കൊടുക്കാൻ നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലുണ്ടാക്കിയ ധാരണ ഇന്നലെ നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചതോടെ ഇത്തവണത്തെ ലേലനടപടികൾ സുതാര്യമായി നടക്കുമെന്നുറപ്പായി.
ലേലം 5ന് തുടങ്ങും. ലേലവിഹിതത്തിൽ 70 ശതമാനം നഗരസഭയ്ക്കും 30 ശതമാനം പൊതുമരാമത്ത് വകുപ്പിനുമെന്നാണ് ധാരണ. കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം കൂട്ടിയാണ് ലേലം വിളി തുടങ്ങുക. നഗരത്തിലെ സ്ഥിരം കടകളുടെ മുൻഭാഗം 10 ശതമാനം അധികരിച്ച് അവർക്ക് തന്നെ നൽകും. കഴിഞ്ഞ രണ്ടുവർഷവും ലേലത്തിൽ പൊതുമരാമത്ത് വകുപ്പ് അവകാശവാദം ഉന്നയിക്കുകയും ലേലം നടത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മന്ത്രി ജി.സുധാകരനുമായി ഫോണിൽ സംസാരിക്കുകയും മന്ത്രി പി.ഡബ്ല്യു.ഡി എൻജിനിയറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇത് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടായെങ്കിലും ഇന്നലെ കൗൺസിൽ യോഗത്തിലാണ് തത്വത്തിൽ അംഗീകാരം ലഭിച്ചത്.
അഭിനന്ദിച്ചു
ചിറപ്പ് മഹോത്സവത്തിന് മങ്ങലേൽക്കാതെ പ്രശ്നം പരിഹരിച്ച മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ അനുമോദിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രയോഗം ഉപദേശക സമതിയും ലേലവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.