ചേർത്തല: പ്രളയം തകർത്തെറിഞ്ഞ പോതിമംഗലം പാടശേഖരം കതിർമണി പദ്ധതിയിലൂടെ വീണ്ടും കതിരണിയും. അതിജീവനത്തിന്റെ ഭാഗമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 52ഏക്കർ വരുന്ന പാടശേഖരത്തിലെ ജോലികൾ തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തു.
ബണ്ട് നിർമ്മാണവും ചുറ്റുതോട് നിർമ്മാണവും പാടശേഖരത്തിലെ നിലം ഒരുക്കുന്നതും ഉൾപ്പെടെ 45 ലക്ഷം രൂപയുടെ പ്രവൃത്തികൾ മുന്നൂറോളം തൊഴിലാളികളാണ് ചെയ്യുന്നത്. 72 കർഷകരുടേയും കർഷക സ്‌നേഹികളുടേയും സ്വപ്നം സഫലമാക്കിക്കൊണ്ട് ബണ്ട് നിർമ്മാണത്തിന് തുടക്കമായി. ബണ്ട് നിർമ്മാണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഉഷ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സമീറ, പാടശേഖര സമിതി കൺവീനർ സിദ്ധാർത്ഥൻ, വി.എ.വിൻസെന്റ് , പൂർണിമ,ശാരിക,രഘുപതി,രേണുക,ഗീതഅജയൻ എന്നിവർ സംസാരിച്ചു.