ചേർത്തല: തണ്ണീർമുക്കത്തെ ബാറിലുണ്ടായ സംഘട്ടനത്തിൽ യുവാവിന് വെട്ടേറ്റു. വാരണം അമീർ മൻസിലിൽ അമീനിന്റെ (27) തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ചേർത്തല തെക്ക് പഞ്ചായത്ത് 16-ാം വാർഡിൽ പഴമ്പാശേരിയിൽ ബെൻസൺ (29), ചേർത്തല മുനിസിപ്പൽ 29-ാം വാർഡ് കളമ്പുകാട്ട് അജിത്ത് (30) എന്നിവരെയാണ് മുഹമ്മ എസ്.ഐ എം.അജയ് മോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമീൻ അപകടനില തരണം ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരേ കൂടി പിടികൂടാനുണ്ടെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.