ന്യൂഡൽഹി: അതിരൂക്ഷമായ വായു മലിനീകരണത്തിൽ ഡൽഹി ഗ്യാസ് ചേംബറായി. സുപ്രീംകോടതി നിയന്ത്രണത്തിലുള്ള പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിട്ടി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം 5 വരെ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കി. സ്‌കൂളുകൾക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അവധി നൽകി.
ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും അതോറിട്ടി നിരോധിച്ചു. ദീപാവലിയോടനുബന്ധിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതോടെയാണ് അന്തരീക്ഷ വായു അപകടകരമാം വിധം മലിനമായത്. കറുത്തിരുണ്ട നിലയിലായിരുന്നു ആകാശം. മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് സ്‌കൂളുകളിൽ 50 ലക്ഷം മാസ്‌കുകൾ മുഖ്യമന്ത്രി വിതരണം ചെയ്‌തിരുന്നു. ജനുവരിക്ക് ശേഷം ആദ്യമായാണ് മലിനീകരണ തോത് ഇത്രയധികം വർദ്ധിക്കുന്നത്.
അന്തരീക്ഷത്തിൽ കാഴ്ച മറയ്‌ക്കുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്ന വിഷകണങ്ങളുടെ (പാർട്ടിക്കുലേറ്റ് മാറ്റർ 2.5) തോത് ആപത്കരമായി വർദ്ധിച്ചു. വായുവിന്റെ ഗുണനിലവാര സൂചിക 740 ൽ എത്തി. 500ന് മുകളിൽ വന്നാൽ അടിയന്തരാവസ്ഥയാണ്.
60 വരെയാണ് നല്ല അവസ്ഥ.
മൂടൽമഞ്ഞ് കാരണം ജനങ്ങൾക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യാ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. വരും ദിവസങ്ങളിൽ വായു കൂടുതൽ മലിനമാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രവചിച്ചിരുന്നു.
ഗ്യാസ് ചേംബർ
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വിളവ് കഴിഞ്ഞ് വയ്‌ക്കോൽ കത്തിക്കുന്നതും ദീപാവലിക്ക് പടക്കം പൊട്ടിച്ചതുമാണ് നഗരത്തെ ഗ്യാസ് ചേംബറാക്കിയത്. അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും സ്ഥിതി മോശമാണ്. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാൻ നോട്ടീസ് നൽകി.