ന്യൂഡൽഹി: മാവോയിസ്റ്റ് ബാധിത സംസ്ഥാനമായ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ചു ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ. 2014ലെ തിരഞ്ഞെടുപ്പും അഞ്ച് ഘട്ടങ്ങളിലായിരുന്നു.
2020 ജനുവരി അഞ്ചിനാണ് 81 അംഗ നിയമസഭയുടെ കാലാവധി കഴിയുന്നത്. ബി.ജെ.പി നേതാവ് രഘുബർ ദാസ് നയിക്കുന്ന ബി.ജെ.പി - ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സഖ്യം സംസ്ഥാനത്ത് അഞ്ചു വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരാണ്. കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും സഖ്യമായാണ് ഇക്കുറി മത്സരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റിൽ 12 ഉം ബി. ജെ. പി മുന്നണിയാണ് നേടിയത്. രണ്ടാംമോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രതീക്ഷിച്ച വിജയം ബി.ജെ.പി സഖ്യത്തിന് ലഭിച്ചില്ല.
2.26 കോടി വോട്ടർമാർ.
19 ജില്ലകൾ പ്രശ്നബാധിതം
13 ജില്ലകൾ അതിരൂക്ഷമായി മാവോയിസ്റ്റ് ബാധിതം.
ഈ മേഖലയിൽ 67 മണ്ഡലങ്ങൾ.
ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ
പോസ്റ്റൽ ബാലറ്റ് വ്യാപിപ്പിക്കും
ജാർഖണ്ഡിലെ 2.19 ലക്ഷം മുതിർന്ന പൗരന്മാർക്കും 2.16 ലക്ഷം അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തും. ഈ സൗകര്യം ആദ്യമായാണ്. ഡൽഹി തിരഞ്ഞെടുപ്പിൽ അവശ്യസർവീസുകളിലെ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു .
അഞ്ച് ഘട്ടങ്ങൾ
1 - നവംബർ 30 - 13 മണ്ഡലങ്ങൾ
2 - ഡിസംബർ 7 - 20 മണ്ഡലങ്ങൾ
3 - ഡിസംബർ 12 - 17 മണ്ഡലങ്ങൾ
4- ഡിസംബർ 16 - 15 മണ്ഡലങ്ങൾ
5 - ഡിസംബർ 20- 16 മണ്ഡലങ്ങൾ.
വോട്ടെണ്ണൽ - ഡിസംബർ 23