modi

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും ജർമ്മനിയും ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ എയ്ഞ്ചല മെർക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ കൃഷി, വ്യോമയാനം, വിദ്യാഭ്യാസം,മാരിടൈം ടെക്നോളജി,ശാസ്ത്ര സാങ്കേതിക ഗവേഷണം, ആയുർവേദം, യോഗ, മെഡിറ്റേഷൻ എന്നിവയിലെ അക്കാദമിക്ക് സഹകരണം തുടങ്ങി 17 കരാറുകളിൽ ഒപ്പിട്ടു. മെർക്കലുമായി പ്രതിരോധം, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി. അതേസമയം കാശ്മീർ വിഷയം ഇരു നേതാക്കളും ചർച്ചചെയ്തില്ലെന്നാണ് സൂചന.

തീവ്രവാദത്തെ ചെറുക്കാൻ അന്താരാഷ്ട്രതലത്തിൽ ശക്തമായ കൂട്ടായ്മയുണ്ടാകണം. ഭീകരവാദ ശൃംഖലകൾ, തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങൾ, സാമ്പത്തിക സ്രോതസുകൾ, അതിർത്തികടന്നുള്ള തീവ്രവാദം തുടങ്ങിയവ ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളും പ്രവർത്തിക്കണം. മറ്റുള്ള രാജ്യങ്ങൾക്കെതിരെയുള്ള ഭീകരവാദത്തിന് തങ്ങളുടെ മണ്ണ് ഉപയോഗിക്കപ്പെടുന്നില്ലെന്ന് അതത് രാജ്യങ്ങൾ ഉറപ്പാക്കണം. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടന്ന അഞ്ചാമത് ഇന്റർ - ഗവൺമെൻറൽ കൺസൽട്ടേഷനിൽ മോദിയും മെർക്കലും അദ്ധ്യക്ഷത വഹിച്ചു. ഇരുനേതാക്കളും ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

വൻ സാങ്കേതിക സാമ്പത്തിക ശക്തിയായ ജർമനിയുടെ വൈദഗ്‌ദ്ധ്യം 2022ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പുതിയ ഇന്ത്യയുടെ നിർമ്മാണത്തിന്‌ പ്രയോജനപ്പെടുത്താനാകുമെന്ന്‌ മോദി പ്രസ്‌താവനയിൽ പറഞ്ഞു.

ദേശീയഗാനത്തിന് ഇരുന്ന് പങ്കെടുത്ത് മെർക്കൽ

രാവിലെ രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണ ചടങ്ങിനിടെയുള്ള ദേശീയ ഗാനാപാലനത്തിൽ ഇരുന്നാണ് മെർക്കൽ പങ്കെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇരുന്ന് പങ്കെടുക്കാനുള്ള അനുമതി ജർമ്മനി ഇന്ത്യയോട് തേടിയിരുന്നു. പ്രധാനമന്ത്രിയോടൊപ്പം രാജ്ഘട്ടിലെത്തി മഹാത്മഗാന്ധി സ്മൃതി മണ്ഡപത്തിൽ മെർക്കൽ പുഷ്പാർച്ചന നടത്തി. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും സന്ദർശിച്ചു.