ന്യൂഡൽഹി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവച്ചിട്ടും ഡൽഹിയിലെ മലിനീകരണം രൂക്ഷമായി തുടരുന്നതോടെ നാളെ മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം നടപ്പിലാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ റിപ്പോർട്ട് നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ മുതൽ ഒറ്റ ഇരട്ട വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവേശനം അനുവദിക്കുക. 15 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒമ്പതര മുതൽ 6 വരെയും പത്തര മുതൽ 7 വരെ എന്നിങ്ങനെ സർക്കാർ ഓഫീസുകളുടെ സമയം ക്രമീകരിച്ചു. ട്രക്ക് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി.
വായുവിന്റെ ഗുണനിലവാര സൂചിക 700 തുടരുകയാണ്. 500ന് മുകളിൽ വന്നാൽ അടിയന്തരാവസ്ഥയാണ്. 60 ആണ് നല്ല നില.ഗാസിയാബാദിലും കരോൾ ബാദിലുമാണ് ഏറ്റവും കൂടുതൽ മലിനീകരണം.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരവുകൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായാണ് സർക്കാർ നിരീക്ഷിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ വിവിധ പ്രദേശങ്ങളിൽ ജലം തളിക്കുന്നുണ്ട്. മഴ പെയ്താൽ മാത്രമേ വായു ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
വായു മലിനീകരണത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഡൽഹി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ജനജീവിതം ദുസഹമാക്കി വായു മലിനീകരണം തുടരുമ്പോൾ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തുകയാണ് കേജ്രിവാൾ സർക്കാർ. ഹരിയാനയിലും പഞ്ചാബിലും വിളവെടുപ്പിന് ശേഷം പാടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് 46 ശതമാനം കാരണമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ ഇത് നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ ചോദിച്ചു. വായു മലിനീകരണത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്.