epf

ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) അംഗങ്ങൾക്ക് ദേശീയ പെൻഷൻ പദ്ധതിയിലേക്ക്(എൻ.പി.എസ്) മാറാൻ ഒാപ്‌ഷൻ നൽകാനുള്ള നീക്കം കേന്ദ്രസർക്കാർ തത്‌ക്കാലം ഉപേക്ഷിച്ചു. ബി.ജെ.പിയുടെ പോഷക സംഘടനയായ ബി.എം.എസ് അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്.

ഇ.പി.എഫിൽ നിന്ന് പെൻഷൻ മാത്രം മാറ്റുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങൾ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷനും(ഇ.പി.എഫ്.ഒ) ചൂണ്ടിക്കാട്ടിയിരുന്നു. ഒരാഴ്ചയ്‌ക്കുള്ളിൽ ചേരുന്ന ഇ.പി.എഫ് ട്രസ്‌റ്റി ബോർഡ് യോഗത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകും.

പുതിയ തൊഴിൽ സുരക്ഷാ ചട്ടത്തിന്റെ ഭാഗമായി ഇ.പി.എഫ് അംഗങ്ങൾക്ക് എൻ.പി.എസിൽ ചേരാൻ അവസരം നൽകുമെന്ന 2015-16ലെ കേന്ദ്രബഡ്‌ജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ച് ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തു. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചിരുന്നു. ബി.എം.എസും ഒാപ്‌ഷൻ നീക്കത്തെ ശക്തമായി എതിർത്തു.. എൻ.പി.എസിനെ ഇ.പി.എഫുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അംഗങ്ങൾക്ക് ലഭിക്കുന്ന പലിശയുടെ കാര്യത്തിൽ അവ്യക്തതയുണ്ടെന്നും ബി.എം.എസ് ചൂണ്ടിക്കാട്ടി.

പ്രെോവിഡന്റ് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിട്ടി(പി.എഫ്.ആർ.ഡി.എ) നിയമം ഭേദഗതി ചെയ്യാതെ ഒാപ്‌ഷൻ നടപ്പാക്കാൻ കഴിയില്ലെന്ന് ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരും വിശദീകരിച്ചു. അംഗങ്ങളുടെ വിഹിതം ശേഖരിക്കുന്നത് ഇ.പി.എഫ്.ഒയിൽ നിലനിറുത്തി പെൻഷൻ പദ്ധതി മാത്രമായി എൻ.പി.എസിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.