ന്യൂഡൽഹി:ഇൻകമിംഗ് കോളുകൾ 30 സെക്കൻഡ് റിംഗ് ചെയ്യണമെന്ന് ഫോൺകമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറി (ട്രായ്) നിർദ്ദേശം നൽകി . ഉപഭോക്താവ് കോൾ എടുത്താലും ഇല്ലെങ്കിലും കുറഞ്ഞത് 30 സെക്കൻഡ് ഫോൺ റിംഗ് ചെയ്യണം.ലാൻഡ് ഫോണിൽ ഇത് 90 സെക്കൻഡ് വരെ തുടരണം.
ട്രായിയുടെ പുതിയ ഉത്തരവ് അടുത്തയാഴ്ച നിലവിൽ വരും.
കോൾ റിംഗ് സമയപരിധിയുടെ പേരിലുള്ള ഫോൺ കമ്പനികളുടെ പോരാട്ടത്തിന് വിമാരമിട്ടാണ് ട്രായിയുടെ തീരുമാനം. തർക്കത്തിന്റെ ഒരുഭാഗത്ത് റിലയൻസ് ജിയോ ഇൻഫോകോമും മറുഭാഗത്ത് ഭാരതി എയർടെല്ലും വോഡഫോണും ഐഡിയയുമായിരുന്നു. ഒരു കോളിന് മറുപടി നൽകാനുള്ള പരമാവധി സമയം വെറും 20-25 സെക്കൻഡ് എന്നായിരുന്നു ജിയോയുടെ നിലപാട്. റിംഗ് സമയം കുറഞ്ഞാൽ കൂടുതൽ കാളുകൾ തിരികെ വരുന്നതിലൂടെ ഇന്റർ യൂസേജ് ചാർജ് കൂടുതൽ നേടാനുള്ള ജിയോയുടെ തന്ത്രമായിരുന്നു അത്.
എന്നാൽ ഉപഭോക്താക്കൾക്ക് അസൗകര്യമില്ലെന്നും മൊബൈൽ സേവനങ്ങളുടെ നിലവാരത്തെ ബാധിക്കില്ലെന്നും ഉറപ്പാക്കാൻ 30 മുതൽ 70 സെക്കൻഡ് വരെ റിംഗ് നിലനിർത്തണമെന്ന് മറ്റു ഓപ്പറേറ്റർമാർ വാദിച്ചു.