delhi-fire

 പൊലീസ് ജീപ്പ് കത്തിച്ചു

ന്യൂഡൽഹി: കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം മൂത്ത് ഡൽഹി തീസ് ഹസാരി കോടതിക്കു മുന്നിൽ ഡൽഹി പൊലീസും അഭിഭാഷകരും ഏറ്റുമുട്ടി. പൊലീസ് വെടിവയ്‌പിൽ അഭിഭാഷകന് ഗുരുതരമായി പരിക്കേറ്റു. അഭിഭാഷകരുടെ ആക്രമണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെയും പരിക്കേറ്റു. പ്രകോപിതരായ അഭിഭാഷകർ പൊലീസ് ജീപ്പ് കത്തിച്ചു. യു.പി പൊലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ഒരു പ്രതി ബഹളത്തിനിടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ അഭിഭാഷകർ ഡൽഹിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌തു.

ജില്ലാ കോടതികൾ പ്രവർത്തിക്കുന്ന തീസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കോടതിയിൽ വാദിക്കാൻ എത്തിയ അഭിഭാഷകന്റെ കാർ റോഡിൽ പാർക്കു ചെയ്‌തതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എതിർത്തതാണ് തുടക്കം. എന്നാൽ, അഭിഭാഷകന്റെ കാർ പൊലീസ് വാഹനത്തിൽ ഇടിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദവുമുണ്ട്. അഭിഭാഷകനെ കസ്‌റ്റഡിയിലെടുത്തെന്നും എതിർത്തപ്പോൾ പൊലീസ് വെടിവച്ചെന്നും മറ്റ് അഭിഭാഷകർ പറയുന്നു. വെടിയേറ്റ അഡ്വക്കറ്റ് വിജയ് വർമ്മയെ സെന്റ് സ്‌റ്റീഫൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്‌പുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.

സംഭവമറിഞ്ഞ് കോടതി വളപ്പിൽ നിന്ന് കൂടുതൽ അഭിഭാഷകർ എത്തി പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയുമായിരുന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. അഭിഭാഷകർ എത്തുന്നത് തടയാൻ പൊലീസ് കോടതിയുടെ പ്രധാന ഗേറ്റ് പൂട്ടി.ഡി.സി.പി മോണിക്കാ ഭരദ്വാജ്, അഡിഷണൽ ഡി.സി.പി ഹരേന്ദ്ര, എസ്.എച്ച്.ഒ രാജീവ് ഭരദ്വാജ് എന്നിവർ പരിക്കേറ്റവരിൽപ്പെടുന്നു. സംഭവം റിപ്പോർട്ടു ചെയ്യാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. മൊബൈൽ ഫോണും മറ്റും പിടിച്ചു പറിക്കാൻ ശ്രമിച്ചു.

ജഡ‌്ജിമാരെ ഗേറ്റ് പൂട്ടി

പൊലീസ് തടഞ്ഞെന്ന്

പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്‌ചയുണ്ടായെന്നും പ്രകോപനമില്ലാതെയാണ് വെടിവച്ചതെന്നും ഡൽഹി ബാർ കൗൺസിൽ ചെയർമാൻ കെ.സി. മിത്തൽ പറഞ്ഞു. അഭിഭാഷകരുടെ പരാതി പ്രകാരം ഡൽഹി ഹൈക്കോടതി അയച്ച ജഡ‌്ജിമാരെ ഗേറ്റ് പൂട്ടി പൊലീസ് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയെ ബാർ കൗൺസിൽ ചെയർമാൻ മനൻകുമാർ മിശ്രയും അപലപിച്ചു. ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടണമെന്നും അഭിഭാഷക സംഘടനകൾ ആവശ്യപ്പെട്ടു.