പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണം
ന്യൂഡൽഹി: ഡൽഹി തിസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ജുഡിഷ്യൽ അന്വേഷണത്തിനും കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാനും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് എസ്.പി ഗാർഗിനാണ് അന്വേഷണ ചുമതല. ജുഡിഷ്യൽ അന്വേഷണത്തിന് സി.ബി.ഐ ഡയറക്ടർ സഹായം നൽകണം. ആറ് ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.
സംഘർഷത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ചീഫ്ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഉത്തരവിറക്കിയത്. കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി ആറാഴ്ചയ്ക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാ അഭിഭാഷകരുടെയും മൊഴിയെടുക്കണം. എത്രയും വേഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും ജില്ലാ ബാർ അസോസിയേഷനുകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ചീഫ്ജസ്റ്റിസ് ഡി.എൻ പട്ടേൽ മുതിർന്ന ജഡ്‌ജിമാരുമായി അഞ്ചുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.
കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് തിസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിൽ ഒരു അഭിഭാഷകന് വെടിയേൽക്കുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
വെടിയേറ്റ അഭിഭാഷകന് അരലക്ഷം രൂപ
വെടിയേറ്റ അഭിഭാഷകൻ വിജയ് വർമ്മയ്ക്ക് അരലക്ഷവും പരിക്കേറ്റ മറ്റ് രണ്ട് അഭിഭാഷകർക്ക് 15,000, 10,000 രൂപ എന്നിങ്ങനെയും ധനസഹായം നൽകാൻ ഡൽഹി സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഐ.സി.യുവിൽ ചികിത്സയിലുള്ള അഭിഭാഷകർക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റ മറ്റ് അഭിഭാഷകർക്ക് 50,000 വീതവും നൽകാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
നടപടിയെടുത്തെന്ന് പൊലീസ്
ജില്ലാ ജഡ്ജ് , പരിക്കേറ്റ അഭിഭാഷകർ ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരാതികളിലായി ഇതുവരെ നാലു എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. 14 ബൈക്കുകളും ചില ജിപ്ലി വാനുകളും കത്തിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ ഡി.സി.പിയുടെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അഭിഭാഷകനെ ലോക്കപ്പിൽ അടച്ച എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു. വെടിവയ്ക്കാനും ലാത്തിച്ചാർജ്ജിനും ഉത്തരവിട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.