priyanka-

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേൽ ചാര സോഫ്‌റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ, ഫോൺചോർത്തൽ പരിശോധിക്കാൻ കോൺഗ്രസ് നേതാക്കൾ അദ്ധ്യക്ഷരായ പാർലമെന്റിന്റെ ആഭ്യന്തരം, ഐ.ടി സ്റ്റാൻഡിംഗ് കമ്മിറ്റികൾ തീരുമാനിച്ചു.

ഫോൺ ചോർത്തപ്പെട്ടവർക്ക് ലഭിച്ച അതേ മെസേജ് വാട്സാപ്പ് പ്രിയങ്കയ്ക്ക് അയച്ചിരുന്നതായി പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജെവാല അറിയിച്ചു. പല മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജിമാരുടെയും ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ടുണ്ട്. നിയമവിരുദ്ധമായി പൗരന്മാരെ നിരീക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാരിന്റെ പങ്കാണ് ഇപ്പോൾ പുറത്തായത്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്നും സുർജെവാല ആവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ, മുൻ ലോക്സഭാംഗം സന്തോഷ് ഭാരതീയ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

വാട്ട്സാപ്പിലൂടെയുള്ള ഫോൺ ചോർത്തലിനെ പറ്റി ആഭ്യന്തരസെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പാർലമെന്ററി സമിതികൾ നേരിട്ട് വിശദീകരണം തേടും.

നവംബർ 15നുള്ള സമിതി യോഗത്തിൽ വിഷയം പരിഗണിക്കുമെന്ന് ആഭ്യന്തരകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ അറിയിച്ചു. ചോർത്തൽ ആശങ്കപ്പെടുത്തുന്നതാണ്. ജമ്മുകാശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ആഭ്യന്തരസെക്രട്ടറി വിശദീകരിക്കുന്ന നവംബർ 15ലെ യോഗത്തിൽ ഈ വിഷയവും ഉയർന്നുവരും. സെക്രട്ടറിയോട് വിശദാംശങ്ങൾ തേടുമെന്നും ആനന്ദ് ശർമ്മ പറഞ്ഞു. വിഷയം പരിശോധിക്കുമെന്ന് ഐ.ടികാര്യ സമിതി ചെയർമാൻ ശശിതരൂർ എം.പിയും അറിയിച്ചു. സൈബർ സുരക്ഷയാണ് തങ്ങളുടെ അജൻഡയിലുള്ള പ്രധാന വിഷയം. കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തത തേടുമെന്നും തരൂർ പറഞ്ഞു.

121 പേരുടെ ഫോണുകൾ കൂടി ചോർത്തി

ഇസ്രയേൽ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന് സെപ്തംബറിലും കേന്ദ്ര സർക്കാരിനെ വാട്സാപ്പ് അറിയിച്ചിരുന്നതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ 121 പേരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നാണ് സെപ്തംബറിൽ കേന്ദ്രത്തെ അറിയിച്ചത്.

ആദ്യം മേയ് മാസത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചോർത്തൽ വിവരം വാട്സാപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നതായി വാർത്ത വന്നിരുന്നു.

അതേസമയം സെപ്തംബറിൽ ഇത്തരമൊരു വിവരം ലഭിച്ചിരുന്നതായും ചോർത്തലിനെ കുറിച്ച് അവ്യക്തമായി ചില കാര്യങ്ങൾ ധരിപ്പിക്കുക മാത്രമാണ് വാട്സാപ്പ് ചെയ്തതെന്നും ഐ.ടി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തൽ നടക്കുന്നതായി അറിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം നേരത്തെ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരുന്നത്.