ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കൽ സംഭവത്തിൽ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ വിമർശിച്ച് അന്നത്തെ ആഭ്യന്തരസെക്രട്ടറിയുടെ പുസ്തകം. ഉചിതമായ സമയത്ത് നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നരസിംഹ റാവു കാണിച്ചിരുന്നെങ്കിൽ ബാബ്‌റി പള്ളി തകർക്കപ്പെടില്ലായിരുന്നുവെന്ന് മുൻ ആഭ്യന്തരസെക്രട്ടറി മാധവ് ഗോഡ്ബോലെ വിമർശിച്ചു. പള്ളിക്കെതിരെയുള്ല ആക്രമണങ്ങൾ തടയാൻ കേന്ദ്രആഭ്യന്തരമന്ത്രാലയം തയാറാക്കിയ സമഗ്രപദ്ധതി റാവു തള്ളിക്കളഞ്ഞെന്നും ദി ബാബ്‌റി മസ്ജിദ് - രാംമന്ദിർ ഡിലേമ- ആൻ ആസിഡ് ടെസ്റ്റ് ഒഫ് ഇന്ത്യാസ് കോൺസ്റ്റിറ്റിറ്റ‌്യൂഷൻ എന്ന പുസ്തകത്തിൽ ഗോഡ്ബോലെ അവകാശപ്പെട്ടു. പള്ളിക്കെതിരെ ഗുരുതരമായ ഭീഷണിയുണ്ടായിരിക്കെ മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, വി.പി സിംഗ് എന്നിവരും തക്കസമയത്ത് ഇടപെടുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു.
പള്ളി സംരക്ഷിക്കാനുള്ള സമഗ്ര പദ്ധതി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും 1992നവംബർ നാലിന് സമർപ്പിച്ചു. കർസേവ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ അർദ്ധ സൈനിക വിഭാഗത്തിന് സുരക്ഷ ചുമതല കൈമാറണമെന്ന് താൻ അതിൽ അടിവരയിട്ടു പറഞ്ഞിരുന്നു. ആർട്ടിക്കിൾ 356 പ്രയോഗിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ പദ്ധതി പ്രാവർത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി റാവു അത് തള്ളിക്കളഞ്ഞു. കൃത്യസമയത്ത് അർദ്ധസൈനിക വിഭാഗം പള്ളിയുടെയും പരിസരത്തിൻറെയും സുരക്ഷ ഏറ്റെടുത്തിരുന്നെങ്കിൽ കർസേവകരെ തടയാൻ കഴിയുമായിരുന്നു. ഭരണഘടനപ്രകാരം കേന്ദ്രസർക്കാരിനുള്ള അധികാരത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് റാവുവിന് ഉണ്ടായിരുന്നത്. യു.പി സർക്കാർ തന്ന ഉറപ്പുകളെയും അദ്ദേഹം വിശ്വാസത്തിലെടുത്തു. ഇതിന്റെ ഫലമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യു.പിയിലെ കല്യാൺ സിംഗ് സർക്കാരിന് ലഭിച്ചു. അവർ നിയമം കൈയിലെടുക്കാനും പള്ളി തകർക്കാനും കർസേവകരെ അനുവദിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. സംസ്ഥാനത്തെ ഗൗരവ സാഹചര്യം വിലയിരുത്തുന്നതിൽ ഗവർണർ സത്യനാരായൺ റെഡ്ഡിയും ദയനീയമായി പരാജയപ്പെട്ടു. അദ്ദേഹം ചൂണ്ടിക്കാട്ടി.