ന്യൂഡൽഹി: സ്‌കൂൾ അദ്ധ്യാപകരെ അദ്ധ്യാപനവുമായി ബന്ധമില്ലാത്ത മറ്റു ജോലികൾക്ക് നിയോഗിക്കരുതെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തിമ കരടിൽ വ്യക്തമാക്കി. ഇതുൾപ്പെടെ രാജ്യത്താകെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്ര നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന കരട് ബിൽ 18ന് ആരംഭിക്കുന്ന ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ബിൽ പാസായാൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ജനസംഖ്യാ കണക്കെടുപ്പും ഉൾപ്പെടെ അദ്ധ്യാപനവുമായി ബന്ധമില്ലാത്ത ജോലികൾ നിർബന്ധപൂർവം നിർവഹിക്കേണ്ടിവരുന്നതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്‌കൂൾ അദ്ധ്യാപകരുടെ പരാതിക്കും ബുദ്ധിമുട്ടുകൾക്കും അവസാനമാകും.
ഇലക്‌ഷൻ, സെൻസസ്, വാക്‌സിനേഷൻ ക്യാമ്പ് ഡ്യൂട്ടികൾക്കു മാത്രമല്ല, ജോലി ചെയ്യുന്ന സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കേണ്ടി വരുന്നതു പോലും അദ്ധ്യാപന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോ. കെ. കസ്‌തൂരിരംഗൻ അദ്ധ്യക്ഷനായ സമിതി കേന്ദ്ര സർക്കാരിനു സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലെ മിക്ക വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല അദ്ധ്യാപകർക്കാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിൽ വരുന്നതോടെ ഇതുൾപ്പെടെ അദ്ധ്യാപകർ നിലവിൽ ചെയ്യേണ്ടിവരുന്ന മറ്റു ജോലികൾക്ക് പകരം സംവിധാനം കണ്ടെത്തേണ്ടിവരും.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്, മികച്ച വിദ്യാഭ്യാസം നേടാൻ ഓരോ വിദ്യാർത്ഥിക്കുമുള്ള അവകാശത്തിന്റെ ലംഘനമാണ് അദ്ധ്യാപകർ സ്‌കൂൾ പ്രവൃത്തി സമയത്ത് നിർവഹിക്കേണ്ടി വരുന്ന മറ്റു ജോലികളെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. നിലവിൽ ആറു മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യ, സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ പ്രീ പ്രൈമറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസതലം കൂടി ഉൾപ്പെടുത്താനും കരട് റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ മൂന്നു മുതൽ 18 വയസു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള സൗജന്യ പഠനത്തിന് അർഹത ലഭിക്കും.
പ്രൈമറി അദ്ധ്യാപകർക്ക്
ഇന്റഗ്രേറ്റഡ് ബി.എഡ്
പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ മിനിമം യോഗ്യത ബിരുദമാക്കാനും ഇതിനായി നാല് വർഷത്തെ മൾട്ടി ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് ആരംഭിക്കാനും പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ ശുപാർശയുണ്ട്. 2030- ഒാടെ ഇത് പൂർണമായും പ്രാവർത്തികമാക്കാനാണ് നിർദ്ദേശം. നിലവിൽ ഹയർ സെക്കൻഡറിയും രണ്ട് വർഷത്തെ ടീച്ചർ ട്രെയിനിംഗ് കോഴ്സുമാണ് യോഗ്യത.