supreme-court-

ന്യൂഡൽഹി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെയും കുടുംബാംഗങ്ങളുടെയും ഫോൺ ചോർത്തിയ സംഭവത്തിൽ ചത്തീസ്ഗഡ് സർക്കാരിന് സുപ്രീംകോടതി വിമർശനം. ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? ഇവിടെ സ്വകാര്യത അവശേഷിക്കുന്നുണ്ടോ? ജസ്റ്റിസുമാരായ അരുൺമിശ്രയും ഇന്ദിരാബാനർജിയുമടങ്ങിയ ബെഞ്ച് വാക്കാൽ ചോദിച്ചു.

സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്ന് നിരീക്ഷിച്ച കോടതി ആരാണ് ഫോൺ ചോർത്താൻ ഉത്തരവിട്ടതെന്നും എന്തിനാണ് ചോർത്തിയതെന്നും വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഒരാളുടെ സ്വകാര്യത ഇങ്ങനെ ലംഘിക്കാമോ?എല്ലാ ദിവസവും എന്തെങ്കിലുമൊന്ന് സംഭവിക്കുന്നു. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

ചത്തീസ്ഗഡിലെ രണ്ട് സുപ്രധാന അഴിമതി കേസുകൾ അന്വേഷിച്ച മുൻ എക്കണോമിക്സ് ഒഫൻസസ് വിംഗ് ഡയറക്ടർ ജനറൽ മുകേഷ് ഗുപ്തയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫോൺ ചോർത്തിയെന്ന് മുകേഷ് ഗുപ്ത അറിയിച്ചത് കോടതി ഗൗരവത്തിലെടുക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പേര് വലിച്ചിഴച്ച് വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ബെഞ്ച് നിർദ്ദേശിച്ചു. മുകേഷ് ഗുപ്തയുടെ അഭിഭാഷകനെതിരെയെടുത്ത കേസിൽ അന്വേഷണവും മറ്റ് നിയമനടപടികളും കോടതി തടഞ്ഞു.