delhi-

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായതിൽ കേന്ദ്രസർക്കാരിനും ഡൽഹി, പഞ്ചാബ്, യു.പി, ഹരിയാന സർക്കാരുകൾക്കും സുപ്രീംകോടതിയുടെ വിമർശനം. സ്ഥിതി അതീവഗുരുതരമെന്ന് നിരീക്ഷിച്ച ജസ്റ്റിസ്മാരായ അരുൺമിശ്ര,ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ജീവിക്കാനുള്ള അവകാശം പരമപ്രധാനമാണെന്നും നമ്മുടെ ജീവിതത്തിലെ അമൂല്യമായ വർഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും പറഞ്ഞു. പഞ്ചാബ്, യു.പി, ഹരിയാന ചീഫ് സെക്രട്ടറിമാർ നാളെ കോടതിയിൽ നേരിട്ട് ഹാജരായി വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനെടുത്ത നടപടികൾ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഡൽഹി ഓരോ വർഷവും ശ്വാസംമുട്ടുകയാണ്. അധികാരപ്പെട്ടവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ശരിയായ രീതിയിൽ പ്രവർത്തിക്കാതെ കേന്ദ്രസംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്.ഡൽഹിയിലെ ഒരു മുറി പോലും സുരക്ഷിതമല്ല. ഇതുപോലെ ജീവിക്കാനാകില്ല. പരിസ്ഥിതി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയെ കോടതി ഇന്നലെ വിളിച്ചുവരുത്തി. ഡൽഹിയിൽ നിർമ്മാണം നിരോധിച്ചെന്നും വിള കത്തിക്കൽ തടയാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

 കർഷകരോട് വിട്ടുവീഴ്ചയില്ല

സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പ്രകാരം കാർഷിക വിള അവശിഷ്ടങ്ങൾ പഞ്ചാബിൽ വ്യാപകമായും ഹരിയാനയിലെ നാലു ജില്ലകളിലും കത്തിക്കുന്നത് വ്യക്തമാണ്. എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമായി അറിഞ്ഞിട്ടും കത്തിക്കൽ തുടരുന്ന കർഷകരോട് ഒരു സഹതാപവുമില്ല. ആളുകളെ കൊല്ലാനാകില്ല. കർഷകർക്ക് സംരക്ഷണം അവകാശപ്പെടാനാവില്ല.

 ഒറ്റ ഇരട്ട പരിഷ്കാരത്തിന് വിമർശനം

ഇന്നലെ മുതൽ ഡൽഹി സർക്കാർ നടപ്പാക്കിയ ഒറ്റ ഇരട്ട പരിഷ്കാരത്തിനെയും ബെഞ്ച് വിമർശിച്ചു. മിക്ക ടാക്സികളും ഡീസലിലാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ടാക്സികളെ അനുവദിക്കുന്നതിനാൽ പ്രശ്നം വഷളാകുകയേയുള്ളൂ. പൊതുഗതാഗത സംവിധാനം ശക്തപ്പെടുത്തലാണ് വേണ്ടത്. പരിഷ്കാരം മലിനീകരണം കുറച്ചുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച സമർപ്പിക്കണം

 നിർദ്ദേശങ്ങൾ

കൂടുതൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാരും പൊലിസുകാരും ഉറപ്പാക്കണം. കത്തിക്കൽ തുടർന്നാൽ ഗ്രാമപ്രധാൻമാർ, പ്രദേശിക ഭരണകൂടങ്ങൾ എന്നിവരും ഉത്തരവാദികൾ

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നിർമ്മാണവും കെട്ടിടങ്ങൾ പൊളിക്കലും നിരോധിക്കണം. ലംഘിച്ചാൽ പ്രദേശിക ഭരണകൂടത്തിന് 1 ലക്ഷം പിഴ

കൽക്കരി വ്യവസായങ്ങൾ അടച്ചുപൂട്ടണം


പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയണം

ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾ നിരോധിക്കുക

പ്രതിസന്ധി കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകൾ ഉന്നതതല സമിതി രൂപീകരിക്കണം